ന്യൂഡല്‍ഹി: മുസ്ലീം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുമഹാസഭ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഇത്തരമൊരു ആവശ്യവുമായി മുസ്ലിം സ്ത്രീകള്‍ വരുമ്പോള്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. ഹിന്ദു മഹാ സഭ കേരള ഘടകമാണ് ഹര്‍ജിയുമായി സുപ്രീം കോടതിയിലെത്തിയത്.
മുസ്ലീം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജിയും തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. പൊതുവിടങ്ങളില്‍ മുഖം മറയ്ക്കുന്ന പര്‍ദയുടെ ഉപയോഗം വിലക്കണമെന്നും അഖില ഭാരതീയ ഹിന്ദു മഹാസഭ പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപ് നാഥ് നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിന് മുമ്പ് മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് സമര്‍പ്പിപ്പ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. മഹാരാഷ്ട്രാ സ്വദേശികളായ മുസ്ലിം ദമ്പതികളാണ് ഹര്‍ജി നല്‍കിയത്. ശബരിമല കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ മാത്രമാണ് ഈ ഹര്‍ജി കേള്‍ക്കാന്‍ തീരുമാനിക്കുന്നതെന്നും അന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.