ന്യൂഡല്‍ഹി: ആഗ്രയ്ക്കടുത്ത് യമുന എക്സ്പ്രസ് വേയില്‍ ബസ് നദിയിലേയ്ക്ക് മറിഞ്ഞ് 29 പേര് മരണപ്പെട്ടു. അപകടത്തില്‍ 15ഓളം പേരെ സാഹസികമായി രക്ഷപ്പെടുത്തി. ബസില്‍ 40ഓളം യാത്രികര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ലഖ്നൗവില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ ആറുമണിയോടെയാണ് ബസ് നദിയിലേയ്ക്ക് മറിഞ്ഞത്. വാഹനം അമിത വേഗതയിലുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.
കൈവരിയില്‍ തട്ടിയ ബസ് 20 അടിയോളം താഴ്ചയുള്ള നദിയിലേക്ക് മറിയുകയായിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ യുപി സര്‍ക്കാര്‍ ഉത്തരവിട്ടു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.