മുംബൈ: നഗരത്തിലെ നോ പാര്‍ക്കിങ് ഏരിയയില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ ഇന്നുമുതല്‍ കര്‍ശന നടപടിയുമായി മുംബൈ നഗരസഭ. ഇത്തരത്തില്‍ നിയമം ലംഘിക്കുന്നവരില്‍ നിന്നും 5,000 രൂപ മുതല്‍ 23,000 രൂപ വരെ പിഴ ഈടാക്കാനാണ് തീരുമാനം. നിര്‍ത്തിയിട്ട വാഹനത്തിന്റെ മൂല്യവും സ്ഥലത്തിന്റെ വാണിജ്യ പ്രാധാന്യവും കണക്കിലെടുത്താവും പിഴ സംഖ്യ തീരുമാനിക്കുക.
ബദല്‍ പാര്‍ക്കിങ് സൗകര്യമുള്ള പ്രദേശങ്ങളിലായിരിക്കും ആദ്യ ഘട്ടത്തില്‍ ഉത്തരവ് നടപ്പാക്കുക. പിന്നീട് ഇത് മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് നഗരസഭയുടെ തീരുമാനം. പിഴയടയ്ക്കാന്‍ വൈകിയാല്‍ തുക വീണ്ടും ഉയരും. അനധികൃത പാര്‍ക്കിങ് പാടില്ലെന്ന് കാണിച്ചും പുതിയ പിഴ നിരക്കുകള്‍ കാണിച്ചും നഗരസഭ വിവിധയിടങ്ങളില്‍ നോട്ടീസുകള്‍ പതിച്ചുകഴിഞ്ഞു.
മുംബൈ നഗരത്തില്‍ മാത്രം 30 ലക്ഷത്തിലധികം വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളില്‍ ഒന്നായ മുംബൈയിലെ കാല്‍നട യാത്രക്കാരുടെയും വാഹന ഡ്രൈവര്‍മാരുടെയും സൗകര്യം മുന്‍നിര്‍ത്തിയാണ് കര്‍ശന നടപടിയെടുക്കുന്നതെന്ന് നഗരസഭാധികൃതര്‍ വ്യക്തമാക്കി.