ഗുവാഹത്തി: ദുര്‍മന്ത്രവാദത്തിനിടെ മൂന്ന് വയസ്സുകാരിയെ കൊലപ്പെടുത്താനുള്ള അമ്മയുടെയും വീട്ടുകാരുടെയും ശ്രമം നാട്ടുകാര്‍ തടഞ്ഞു. വീടിനുള്ളില്‍ വെച്ച് കുഞ്ഞിനെ കൊലചെയ്യാന്‍ ശ്രമം നടന്നത്. അസമിലെ ഉഡല്‍ഗുരി ജില്ലയിലാണ് സംഭവം.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ
വീടിനുള്ളില്‍ ദുര്‍മന്ത്രവാദം നടത്തിയത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വീട്ടുകാര്‍ ചേര്‍ന്നാണ്. ആഭിചാര ക്രിയകള്‍ക്കിടെ ദുര്‍മന്ത്രവാദി കുട്ടിയുടെ തല വാളുപയോഗിച്ച് വെട്ടാന്‍ ശ്രമിച്ചു. സംഭവസ്ഥലത്ത് എത്തിയ നാട്ടുകാര്‍ ഇത് തടയാന്‍ ശ്രമിച്ചെങ്കിലും മന്ത്രോച്ഛാരണവുമായി വീട്ടുകാര്‍ ആഭിചാര കര്‍മ്മങ്ങള്‍ തുടരുകയായിരുന്നു. പ്രകോപിതരായ വീട്ടുകാരും ദുര്‍മന്ത്രവാദിയും നാട്ടുകാര്‍ക്ക് നേരെ ആയുധങ്ങളുമായി പ്രതിരോധിച്ചതോടെ ഇവര്‍ പോലീസില്‍ വിവരം അറിയിച്ചു.
പോലീസിനെ കണ്ടതോടെ വീട്ടുകാര്‍ ഇവര്‍ക്ക് നേരെ കല്ലുകളും പാത്രങ്ങളും എറിയുകയും ടെലിവിഷനും ഫ്രിഡ്ജും കാറും ഉള്‍പ്പെടെയുള്ളവയ്ക്ക് തീവയ്ക്കുകയും ചെയ്തെന്ന് പോലീസ് പറയുന്നു. സംഘര്‍ഷാവസ്ഥ നിയന്ത്രണ വിധേയമാക്കുവാന്‍ പിന്നീട് പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു.