വെല്ലൂര്‍; തമിഴ്നാട്ടിലെ വെല്ലൂര്‍ ലോക്സഭാ മണ്ഡലത്തിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഡിഎംകെയും അണ്ണാഡിഎംകെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഡിഎംകെ നേരത്തെ പ്രഖ്യാപിച്ചിരുന്ന കതിര് ആനന്ദ് തന്നെയാണ് സ്ഥാനാര്‍ത്ഥി. അണ്ണാഡിഎംകെയുടെ സ്ഥാനാര്‍ത്ഥിയായി സഖ്യകക്ഷിയായ ന്യൂജസ്റ്റിസ് പാര്‍ട്ടി അധ്യക്ഷന്‍ എസി ഷണ്‍മുഖത്തിനെയും പ്രഖ്യാപിച്ചു. ആഗസ്റ്റ് അഞ്ചിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
മണ്ഡലത്തില്‍ അനധികൃതമായി പണം കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. ഡിഎംകെ സ്ഥാനാര്‍ത്ഥിയായിരുന്ന കതിര് ആനന്ദിന്റെ വസതിയില്‍ നിന്നും ഗോഡൗണില്‍ നിന്നുമായി 12 കോടി രൂപയോളം ആണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്.
ഓരോ കെട്ടിന് മുകളിലും മണ്ഡലവും ബൂത്തുകളുടെ പേരും എഴുതിയിരുന്നു. ഈ പണം വെല്ലൂരില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ വേണ്ടി എത്തിച്ചതാണെന്ന നിഗമനത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവച്ചത്.
അനധികൃത പണം കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിഎംകെ സ്ഥാനാര്‍ത്ഥിയെ മാത്രം അയോഗ്യനാക്കി തെരഞ്ഞെടുപ്പ് നടത്തണമെന്ന് അണ്ണാഡിഎംകെ ആവശ്യപ്പെട്ടെങ്കിലും മദ്രാസ് ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. നിലവില്‍ അണ്ണാഡിഎംകെയുടെ സിറ്റിങ്ങ് സീറ്റാണെങ്കിലും ഡിഎംകെയ്ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് വെല്ലൂര്‍.