നാഗ്പൂര്‍: നാഗ്പൂരിലെ ഇന്ദിരാഗാന്ധി ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. സഹോദരന്റെ ഫോണിലേയ്ക്ക് താന്‍ മരിക്കാന്‍ പോകുന്നുവെന്ന് സന്ദേശം അയച്ച ശേഷമാണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച രാവിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു.
കര്‍ണ്ണാടകത്തിലെ ധര്‍വാദ് ജില്ലയിലെ ബ്യാദാഗി ഗ്രാമത്തില്‍ നിന്നുള്ള മന്യുകുമാര്‍ വൈദ്യയാണ് മരിച്ചത്. മെയ് രണ്ടിനാണ് പിജി വിദ്യാര്‍ത്ഥിയായി ഗൈനക്കോളജി വിഭാഗത്തില്‍ ഇദ്ദേഹം ചേര്‍ന്നത്. ഇതുവരെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ല.
മരിച്ച മന്യുകുമാര്‍ ലോല മനസിന് ഉടമയായിരുന്നുവെന്ന് സഹപാഠികള്‍ പറയുന്നു. ഇദ്ദേഹം കവിതകളിലും തത്പരനായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. മറാത്തിയിലും ഹിന്ദിയിലും സംസാരിക്കാന്‍ അറിയാത്തതിനാല്‍ രോഗികളോട് ആശയവിനിമയം നടത്താന്‍ ബുദ്ധിമുട്ടിയിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ്.