കോയമ്പത്തൂര്‍: നാടിനെ നടുക്കി വീണ്ടും ദുരഭിമാനക്കൊല. ജാതിമാറി വിവാഹം ചെയ്തതിന്റെ പേരില്‍ നവദമ്പതികളെ വെട്ടിക്കൊന്നു. തൂത്തുകുടിയിലെ പെരിയാര്‍ നഗര്‍ കോളനിയിലാണു സംഭവം. കൊല്ലപ്പെട്ട യുവതി ഗര്‍ഭിണിയാണ്. വീടിനു പുറത്തെ കട്ടിലില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയത്.
പെരിയാര്‍ നഗര്‍ കോളനി തിരുമണിയുടെ മകന് ചോലൈരാജ (23), പല്ലാങ്കുളം അഴകറുടെ മകള്‍ ചേച്ചിയമ്മാള്‍ എന്ന ജ്യോതി (20) എന്നിവരെയാണ് കൊലപ്പെടുത്തിയത്. ചോലൈരാജയുടെ വീട്ടില്‍വെച്ചായിരുന്നു സംഭവം. വ്യാഴാഴ്ച രാവിലെ ആറോടെ വീടിനു പുറത്തിറങ്ങിയ ചോലൈരാജയുടെ അമ്മ മുത്തുമാരിയാണ് മകനും ഭാര്യയും കഴുത്തും കൈകാലുകളും അറ്റനിലയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നതു കണ്ടത്.
ചോലൈരാജയെ വിവാഹം ചെയ്യാനുള്ള ജ്യോതിയുടെ തീരുമാനത്തെ അവരുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു. പലതവണ ചോലൈരാജയുടെ വീട്ടിലെത്തി അമ്മ മുത്തുമാരിയെ ജ്യോതിയുടെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൊല. ഇക്കാരണത്താല്‍ കൊലപാതകത്തിനു പിന്നില്‍ ജ്യോതിയുടെ വീട്ടുകാരായിരിക്കാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു. ജ്യോതിയുടെ അച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മൂന്നുമാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്. രണ്ടുപേരും ഉപ്പുനിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുന്നവരായിരുന്നു. അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നു. സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്.