ന്യൂഡല്‍ഹി: മുംബൈയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മുംബൈ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നുവെന്ന് രാഹുല്‍ പ്രവര്‍ത്തകരോട് ചോദിച്ചു. അപ്പോള്‍ സഹായിക്കാന്‍ ഒരാളേയും കണ്ടില്ലല്ലോയെന്നും ആളുകള്‍ ആവശ്യപ്പെടുന്ന സമയത്ത് സഹായിക്കേണ്ടവരാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നും രാഹുല്‍ പറഞ്ഞു. അങ്ങനെ മാത്രമേ പാര്‍ട്ടിക്ക് വളരാന്‍ സാധിക്കുകയുള്ളുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവെച്ചതായുള്ള കത്ത് പുറത്തുവിട്ടതിന് പിന്നാലെ ആദ്യമായിട്ടായിരുന്നു രാഹുല്‍ പ്രവര്‍ത്തകരെ കണ്ടത്. അതേസമയം, പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കാന്‍ എന്തെല്ലാമാണ് തങ്ങള്‍ ചെയ്യേണ്ടത് എന്ന നിര്‍ദേശങ്ങള്‍ പ്രവര്‍ത്തകരില്‍ നിന്നും വരാത്തത് എന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിച്ചു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രത്യേക യോഗങ്ങള്‍ സംഘടിപ്പിക്കാനും അദ്ദേഹം മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് നിര്‍ദേശിച്ചു.
ഞാന്‍ പാവപ്പെട്ടവര്‍ക്കൊപ്പമാണ്. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പമാണ്. നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് എന്റെ ഏറ്റവും വലിയ കരുത്ത്. ആക്രമണങ്ങള്‍ വരുന്നത് ആസ്വദിക്കുന്നുവെന്നും രാഹുല്‍ പ്രവര്‍ത്തകരോട് പറഞ്ഞു.