ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായി പ്രിയങ്ക ഗാന്ധി. തന്റെ തീരുമാനത്തില്‍ ഉറച്ചുനില്ക്കാന് രാഹുല്‍ കാണിച്ച ധൈര്യം വിരളമാണെന്നും പ്രിയങ്ക ട്വിറ്ററിലൂടെ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് രാഹുല്‍ രാജിക്കത്ത് നല്‍കിയത്. ഇനി താന്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനല്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ സേവിക്കാന്‍ സാധിച്ചതില്‍ കൃതാര്‍ത്ഥനാണെന്നും രാജിക്കത്ത് സഹിതം രാഹുല്‍ ട്വീറ്റ് ചെയ്തു. രാജി തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അറിയിച്ച രാഹുല്‍ തനിക്ക് പകരക്കാരനെ കണ്ടെത്താന്‍ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ഈയാഴ്ച അവസാനത്തോടെ വിദേശത്തേക്ക് പോകാനിരിക്കുന്ന രാഹുല്‍ യാത്രയ്ക്ക് മുന്നോടിയായാണ് രാജി പ്രഖ്യാപിച്ചത്. അതേസമയം കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചക്കായി പ്രവര്‍ത്തക സമിതി ഉടന്‍ ചേരും.സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അശോക് ഗഹ്ലോട്ട്, സച്ചിന് പൈലറ്റ് എന്നീ പേരുകളാണ് അനൗപചാരിക ചര്‍ച്ചകളില്‍ ഉയര്‍ന്നിട്ടുള്ളത്.