ന്യൂഡല്‍ഹി: 100 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച കരസേനയുടെ വനിതാ പോലീസ് തസ്തികയിലേക്ക് ഇത്തവണ അപേക്ഷിച്ചത് രണ്ട് ലക്ഷത്തില്‍ പരം യുവതികള്‍. ആദ്യമായാണ് മിലിട്ടറി പോലീസ് തസ്തികയിലേക്ക് വനിതകള്‍ക്കായി കരസേന റിക്രൂട്ട്മെന്റ് നടത്തുന്നത്.
ഏപ്രിലില്‍ നല്കിയ വിജ്ഞാപനത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ ആറിനായിരുന്നെങ്കിലും പിന്നീടത് ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചിരുന്നു. അംബാല, ലഖ്നൗ, ജബല്‍പുര്‍, ബെല്‍ഗാം, ഷില്ലോങ് എന്നിവിടങ്ങളില്‍ വെച്ച് നടത്തുന്ന റിക്രൂട്ട്മെന്റ് റാലികളിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു കൊണ്ട് കോള്‍ലെറ്റര്‍ അയക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
റിക്രൂട്ട്മെന്റ് റാലിയുടെ ആദ്യഘട്ടം കര്‍ണാടകത്തിലെ ബെല്‍ഗാമില്‍ ജൂലായ് അവസാനവാരം നടത്തുമെന്നാണ് പ്രാഥമിക വിവരം. കരസേനയിലെ ക്രമസമാധാനപാലനം, അച്ചടക്കം തുടങ്ങിയ കാര്യങ്ങള്‍ നോക്കുന്നത് മിലിട്ടറി പോലീസാണ്.
പിബിഒ ആറില്‍പ്പെട്ട ഈ തസ്തികയിലേക്ക് പുരുഷന്മാരെ മാത്രമേ ഇതുവരെ നിയമിച്ചിരുന്നുള്ളൂ. ബലാത്സംഗം, ലൈംഗികപീഡനം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുക, സൈന്യത്തിന് ആവശ്യമുള്ളപ്പോള്‍ പോലീസ് സഹായം നല്‍കുക, അതിര്‍ത്തികളില്‍ കുഴപ്പങ്ങള്‍ തലപൊക്കുമ്പോള്‍ അവിടത്തെ താമസക്കാരെ ഒഴിപ്പിക്കുക, അഭയാര്‍ഥി സംഘങ്ങളെ നിയന്ത്രിക്കുക, പ്രശ്നബാധിത പ്രദേശങ്ങളില്‍ സൈന്യം തിരച്ചില്‍ നടത്തുമ്പോള്‍ സ്ത്രീകളെ പരിശോധിക്കുക എന്നിവയാണ് പിബിഒആര്‍ വിഭാഗങ്ങളുടെ പ്രധാന ജോലി.
കൂടാതെ, യുദ്ധകാലത്ത് യുദ്ധത്തടവുകാരെ പാര്‍പ്പിക്കുന്നതിനുള്ള പ്രത്യേക ക്യാമ്പുകളും ഇവര്‍ നടത്തും. കോംഗോ, സൊമാലിയ, റുവാണ്‍ഡ, സിയെറാ ലിയോണ്‍ എന്നിവിടങ്ങളിലെ ഐക്യരാഷ്ട്രസഭാ ദൗത്യസംഘങ്ങളുടെ ഭാഗമാണ് മിലട്ടറി പോലീസ്. നിലവില്‍ ഓഫീസര്‍ റാങ്കുകളില്‍ മാത്രമേ സൈന്യത്തില്‍ വനിതകളെ നിയമിച്ചിട്ടുള്ളു.