മുംബൈ: മഴയുടെ ശക്തി കുറഞ്ഞ് മുംബൈ നഗരം സാധാരണനിലയിലെത്തി. കനത്ത മഴയെ തുടര്‍ന്ന് വിവിധ ഇടങ്ങളിലായി ഉണ്ടായ അപകടങ്ങളില്‍ 42 പേരാണ് മരിച്ചത്. വെള്ളം കയറിയതിനാല്‍ മുംബൈയില്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അഞ്ചുദിവസം തുടര്‍ച്ചയായി പെയ്തമഴ ആറാംദിവസം വിട്ടുനിന്നതോടെ ആശങ്കകള്‍ വിട്ടുമാറി.
ചൊവ്വാഴ്ച വൈകീട്ടോടെ മഴയുടെ ശക്തി കുറഞ്ഞിരുന്നു. പക്ഷേ റോഡുകളിലും തീവണ്ടിപ്പാളങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് യാത്രക്കാരെ പ്രതിസന്ധിയിലാക്കി. എന്നാല്‍ ബുധനാഴ്ച പുലര്‍ച്ചെ വെള്ളം താഴ്ന്നതോടെ ഗതാഗതം സാധാരണനിലയിലായി. ഓഫീസുകളും സകൂളുകളും തുറന്നു പ്രവര്‍ത്തിച്ചു. എന്നാല്‍ ജൂലായ് മൂന്നിന് വൈകീട്ടോടെ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ളതിനാല്‍ അധികപേരും നേരത്തെ ജോലി അവസാനിപ്പിക്കുകയും ചെയ്തു.
ശക്തമായ മഴയെതുടര്‍ന്ന് 42 പേരാണ് മുംബൈയില്‍ മരിച്ചത്. പുനെയില്‍ മതില് തകര്‍ന്ന് ഉണ്ടായ അപകടമാണ് മരണസംഖ്യ കൂടാന്‍ കാരണം. അഞ്ചു കുട്ടികള്‍ അടക്കം 21 പേരാണ് ഈ അപകടത്തില്‍ മരിച്ചത്. അപകടങ്ങളില്‍ 70 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുള്ളത്.