ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ചാന്ദിനി ചൗക്കിന് സമീപം വര്‍ഗ്ഗീയസംഘര്‍ഷമുണ്ടായ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹി പോലീസ് മേധാവിയെ വിളിച്ചു വരുത്തി. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനാണ് വിളിച്ചു വരുത്തിയത്.
സ്ഥലത്തെ സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേമാണെന്ന് ആഭ്യന്തരമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഡല്‍ഹി പോലീസ് കമ്മീഷണര്‍ അമൂല്യ പട്നായിക്ക് പറഞ്ഞു.
സംഭവത്തില്‍ നാല് പേര് അറസ്റ്റിലായിട്ടുണ്ടെന്നും കുറ്റക്കാര്‍ ആയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പട്നായിക്ക് വ്യക്തമാക്കി. അറസ്റ്റിലായവര്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്നും , സംഭവത്തിന്റെ സിസിടിവി ഫൂട്ടേജുകള്‍ നിരീക്ഷിച്ച് വരികയാണെന്നും പട്നായിക്ക് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളും അറസ്റ്റിലായിട്ടുണ്ടെന്ന് പട്നായിക് പറഞ്ഞു.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ 1000 സുരക്ഷാ ഉദ്യോഗസ്ഥാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും പട്നായിക് വ്യക്തമാക്കി.
ചാന്ദിനി ചൗക്കിന് സമീപം ഹൊസ് ഖ്വാസി മേഖലയില്‍ ഞായറാഴ്ചയോടെയാണ് പ്രശ്നം ഉണ്ടാകുന്നത്. പാര്‍ക്കിങിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് പോയത്. വാക്കേറ്റം സംഘര്‍ഷത്തിലേക്ക് മാറിയതോടെ ആദ്യം ഒരു വീടും പിന്നീട് സമീപത്തുള്ള ആരാധനാലയവും ആക്രമിക്കപ്പെടുകയായിരുന്നു.
സംഘര്‍ഷം വര്‍ഗീയ കലാപത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ പുറത്തു വന്നതോടയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍.
ആരാധനാലയം ആക്രമിക്കപ്പെട്ടിട്ട് ഇതുവരെയും കേന്ദ്ര സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നേരത്തെ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. ഡല്‍ഹി പോലീസിനെ നിയന്ത്രിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്.