ഗൊരഖ്പൂര്‍: ടിക് ടോക്കില്‍ വീഡിയോ ചിത്രീകരിക്കാന്‍ പുഴയില്‍ എടുത്തു ചാടിയ രണ്ട് സുഹൃത്തുക്കളില്‍ ഒരാളെ കാണാതായി. ഗൊരഖ്പൂരിലാണ് 19 കാരായ ദാനിഷ്, ആശഷിഖ് എന്നിവര്‍ വീഡിയോ ചിത്രീകരിക്കാനായി നദിയിലേക്ക് ചാടിയത്. തിങ്കളാഴ്ചയാണ് ഇരുവരും നദിയിലേക്ക് ചാടിയത്. നാട്ടുകാര്‍ ചേര്‍ന്ന് ദാനിഷിനെ രക്ഷപ്പെടുത്തിയെങ്കിലും ആഷിഖിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
രണ്ട് സുഹൃത്തുക്കളും കൂടി വൈകീട്ട് നടക്കാന്‍ ഇറങ്ങവേ, പാലത്തിന് സമീപത്തെത്തിയപ്പോള്‍ ചിലര്‍ മൊബൈലില്‍ വീഡിയോ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു. സമാനമായ രീതിയില്‍ മൊബൈലില്‍ വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് വഴിവച്ചതെന്നാണ് കരുതുന്നത്.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
സുഹൃത്തുക്കളില്‍ ഒരാളായ ദാനിഷാണ് ആദ്യം നദിയിലേക്ക് ചാടിയത്. ആഷിഖ് ഇത് മൊബൈലില്‍ പകര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അല്‍പ്പസമയത്തിനുള്ളില്‍ ആഷിഖും നദിയിലേക്ക് എടുത്തുചാടിയെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ദാനിഷ് ഹൈദരാബാദ് ഔറംഗാബാദ് സ്വദേശിയാണ്. ബന്ധുവീട്ടിലേത്തിയപ്പോഴാണ് ആഷിഖുമായി സൗഹൃദത്തിലാകുന്നത്. പ്രദേശത്തെ ഓട്ടോ ഡ്രൈവറാണ് ആഷിഖ്.