ന്യൂഡല്‍ഹി: കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെയ്ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിന് അയവു വരുത്തിയിട്ടുണ്ടെന്ന് പാര്‍ട്ടി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പറഞ്ഞു. രണ്ടു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ തങ്ങള്‍ക്ക് അനുകൂലമായ സൂചനകളാണ് ലഭിച്ചതെന്നും അവര്‍ വ്യക്തമാക്കി.
എന്നാല്‍ അധ്യക്ഷസ്ഥാനത്ത് തുടരുമെന്ന് രാഹുല്‍ ഉറപ്പുനല്‍കിയിട്ടില്ല. പക്ഷേ രാജിക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ കടുത്ത നിലപാടിന് അയവു വന്നിട്ടുണ്ടെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി പറഞ്ഞു. ‘രാഹുല്‍ തന്റെ നിലപാടില്‍ അയവു വരുത്തിയിട്ടുണ്ട്. അല്ലെങ്കില്‍ രണ്ടു മണിക്കൂര്‍ നേരം അദ്ദേഹം തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കില്ലായിരുന്നു’വെന്നും രാഹുല്‍ അധ്യക്ഷസ്ഥാനത്ത് തുടരാന്‍ തയ്യാറായാല്‍ ഏതു വിധത്തിലും അദ്ദേഹത്തിന് ഒപ്പം നില്‍ക്കാമെന്ന് കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും നാരായണസ്വാമി പറഞ്ഞു.
രണ്ടു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ഹൃദയം തുറന്നുള്ള സംസാരമാണ് ഉണ്ടായതെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. നാരായണസ്വാമിക്കും ഗെലോട്ടിനും പുറമേ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘല്‍, പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിട്ടുണ്ട്.