ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് രാഹുല്‍ ഗാന്ധി തന്നെ തുടരണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ നിരാഹാര സമരം ആരംഭിച്ചു. രാജിതീരുമാനം ഉപേക്ഷിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ഇന്ന് രാഹുലിനെ കാണും. എന്നാല്‍ തന്റെ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ഉറച്ചു നില്‍ക്കുകയാണ് രാഹുല്‍.
കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ തുടരണമെന്ന ആവശ്യം ശക്തമാക്കി എഐസിസി ആസ്ഥാനത്തിന് മുന്നിലാണ് ഒരുകൂട്ടം പ്രവര്‍ത്തകര്‍ നിരാഹാര സമരം നടത്തുന്നത്. കൂടാതെ രാജി തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ കമല്‍ നാഥ്, അശോക് ഗെഹ്ലോട്ട്, ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, ഭൂപേഷ് ഭഗല്, വി നാരായണ്‍ സ്വാമി, രാജസ്ഥാന് ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റ് എന്നിവര്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തും.
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെയ്ക്കാന്‍ രാഹുല്‍ തീരുമാനിച്ചത്. രാജി പ്രഖ്യാപിച്ചിട്ട് ദിവസം 38 കഴിഞ്ഞു. ഇതിനിടെ രാജി തീരുമാനത്തില്‍ നിന്നും രാഹുലിനെ പിന്തിരിപ്പിക്കാന് മുതിര്‍ന്ന നേതാക്കളടക്കം നിരവധി പേര് ശ്രമിച്ചെങ്കിലും നടന്നില്ല.