ഹൈദരാബാദ്: രാജ്യത്ത് മുസ്ലീങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും നേരെ നടക്കുന്ന ആള്‍ക്കൂട്ട ആക്രമങ്ങളുടെ ഉത്തരവാദികള്‍ സംഘപരിവാറാണെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. ജയ്ശ്രീറാം വിളിയുടെ പേരിലുള്ള ആക്രമത്തെയും, രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെയും ചൂണ്ടിക്കാണിച്ചായിരുന്നു ഒവൈസിയുടെ വിമര്‍ശനം.
‘വന്ദേമാതരം, ജയ് ശ്രീറാം എന്നീ മുദ്രാവാക്യങ്ങള്‍ വിളിക്കാത്തതിന്റെ പേരില്‍ രാജ്യത്തെ ജനങ്ങളെ ആക്രമിക്കുകയാണ്. അത് അവര്‍ അവസാനിപ്പിക്കാനും പോകുന്നില്ല. രാജ്യത്തെ മുസ്ലീങ്ങളേയും പിന്നാക്ക വിഭാഗങ്ങളേയുമാണ് ഇക്കൂട്ടര്‍ ലക്ഷ്യം വെക്കുന്നത്. ഇത്തരത്തില്‍ നടന്ന ആക്രമണങ്ങള്‍ക്കെല്ലാം പിന്നില്‍ സംഘപരിവാര്‍ ആയിരുന്നു’- അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണം അവസാനിപ്പിക്കാന്‍ കഴിയുകയില്ലെന്ന് അസദുദ്ദീന്‍ ഒവൈസി നേരത്തെ പറഞ്ഞിരുന്നു. ബിജെപിയും ആര്‍എസ്എസും ആളുകളുടെ മനസ്സിലേക്ക് മുസ്ലീം വിരുദ്ധത കുത്തിവച്ചിരിക്കുകയാണ്. മുസ്ലീമുകള്‍ എല്ലാവരും തീവ്രവാദികളും, രാജ്യദ്രോഹികളാണെന്നും ഉള്ള തെറ്റായ ധാരണ ആളുകളുടെ മനസ്സില്‍ കുത്തിവയ്ക്കുന്നതില്‍ ബിജെപി വിജയിച്ചു. അതിനാല്‍ രാജ്യത്ത് മുസ്ലീമുകള്‍ക്ക് നേരെ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണം അവസാനിപ്പിക്കാന്‍ കഴിയുകയില്ലെന്നുമാണ് ഒവൈസി പറഞ്ഞത്.
രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയതിന് പിന്നാലെ മുസ്ലീങ്ങള്‍ക്ക് നേരെ നിരവധി ആക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജയ്ശ്രീ റാം വിളിക്കാത്തതിന്റെ പേരില്‍ നിരവധി പേരാണ് ആക്രമിക്കപ്പെട്ടത്.