ന്യൂഡല്‍ഹി: വിമര്‍ശകര്‍ക്ക് പരസ്യം നിഷേധിച്ച് ബിജെപിയുടെ പ്രതികാരം. മൂന്ന് പ്രമുഖ മാധ്യമ ഗ്രൂപ്പുകള്‍ക്ക് പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ് ബിജെപി സര്‍ക്കാര്‍. ദ ടെലഗ്രാഫ് പ്രസിദ്ധീകരിക്കുന്ന എബിപി ഗ്രൂപ്പ്, ടൈംസ് ഗ്രൂപ്പ്, ദ ഹിന്ദു ന്യൂസ് പേപ്പര്‍ എന്നിവയ്ക്ക് പരസ്യങ്ങള്‍ നല്‍കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവെച്ചത്. റോയിറ്റേഴ്സിനെ ഉദ്ധരിച്ച് ദ സ്ക്രോള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ആറുമാസത്തിനിടെ സര്‍ക്കാര്‍ പരസ്യങ്ങളില്‍ 15% ഇടിവുണ്ടായെന്നാണ് എബിപി ഗ്രൂപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. റാഫേല്‍ കരാറുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പുറത്തുവിട്ടതിനു പിന്നാലെയാണ് ദ ഹിന്ദു പത്രത്തിന് സര്‍ക്കാര്‍ പരസ്യം ലഭിക്കാതെ ആയത്.
ഇന്ത്യന്‍ മതേതരത്വവും ഭരണഘടനയും ചോദ്യം ചെയ്യപ്പെടുമ്പോഴും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് നിരപരാധികള്‍ അഴിക്കുള്ളിലാവുകയും ചെയ്യുമ്പോഴും മൗനം പാലിക്കുന്ന പ്രധാനമന്ത്രിയെ ‘THE NASHUN’ എന്ന തലക്കെട്ടു നല്‍കിയാണ് ടെലിഗ്രാഫ് വിമര്‍ശിച്ചത്. ഇതോടെ കേന്ദ്രസര്‍ക്കാറിന്റെ നയങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്ന ദ ടെലഗ്രാഫിന്റെ തലക്കെട്ടുകള്‍ വലിയ ശ്രദ്ധനേടിയിരുന്നു. ഇതോടെ സര്‍ക്കാര്‍ പരസ്യം ഇവിടെയും ലഭിക്കാതെയായി.
ബീഫിന്റെ പേരില്‍ ഇന്ത്യയില്‍ നടക്കുന്ന അതിക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയും അതുകഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ജാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ അന്‍സാരിയെന്ന യുവാവ് കൊല്ലപ്പെട്ട സംഭവവും റിപ്പോര്‍ട്ടു ചെയ്തുകൊണ്ടുള്ള ടെലഗ്രാഫിന്റെ തലക്കെട്ടും ചര്‍ച്ചയായിരുന്നു.