ന്യൂഡല്‍ഹി; മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഔദ്യോഗിക വസതി ഒഴിയുകയാണെന്ന് അറിയിച്ചതിന് പിന്നാലെ അഭിനന്ദനങ്ങളുമായി ട്വിറ്റര്‍ ഉപയോക്താക്കള്‍. സ്ഥാനമൊഴിഞ്ഞ സുഷമ ഒരു മാസത്തിനകം വീട് ഒഴിയുമെന്ന് അറിയിച്ചതോടെ സുഷമയുടെ തീരുമാനത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
ഇന്നലെയാണ്, ഔദ്യോഗിക വസതി ഒഴിയുകയാണെന്ന വിവരം സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചത്. ഡല്‍ഹി സഫ്ദര്‍ജംഗിലുള്ള എട്ടാം നമ്പര്‍ ഔദ്യോഗിക വസതി ഒഴിയുകയാണെന്നും മുമ്പുണ്ടായിരുന്ന വിലാസത്തില്‍ ഇനി തന്നെ ബന്ധപ്പെടാന്‍ സാധിക്കില്ലെന്നുമായിരുന്നു സുഷമയുടെ ട്വീറ്റ്.
സുഷമ സ്വരാജിന്റെ ഈ തീരുമാനത്തിന് അഭിനന്ദന പ്രവാഹമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. പദവി ഒഴിഞ്ഞാലും ഔദ്യോഗിക ബംഗ്ലാവില്‍ നിന്നും താമസം മാറാത്ത രാഷ്ട്രീയക്കാര്‍ സുഷമയെ കണ്ട് പഠിക്കണമെന്നാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നത്.
സുഷമയെ ‘മിസ്സ്’ ചെയ്യുമെന്നും, രാജ്യത്തെ ഏറ്റവും ഊര്‍ജസ്വലയായ വനിതാ രാഷ്ട്രീയ നേതാവാണ് സുഷമ എന്നുമാണ് സോഷ്യല്‍ മീഡിയയിലെ മറ്റ് കമന്റുകള്‍.