ജയ്പൂര്‍: രണ്ട് വര്‍ഷം മുന്നേ ഗോസംരക്ഷകര്‍ കൊല്ലപ്പെടുത്തിയ കര്‍ഷകനെ പ്രതിയാക്കി കോണ്‍ഗ്രസ് സര്‍ക്കാരിന്റെ എഫ്ഐആര്‍. രണ്ടു വര്‍ഷം മുമ്പ് രാജസ്ഥാനിലെ ആല്‍വാറില്‍ ഗോസംരക്ഷക ഗുണ്ടകള്‍ അടിച്ചുകൊലപ്പെടുത്തിയ ക്ഷീര കര്‍ഷകനായ പെഹ്ലുഖാനെതിരെ പശു മോഷണക്കേസ് എടുത്തിരിക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍.
പെഹ്ലുഖാനെ കൂടാതെ അദ്ദേഹത്തിന്റെ രണ്ട് മക്കളായ ഇര്‍ഷാദ്, ആരിഫ്, കാലികളെ കൊണ്ട് പോകാന്‍ ഉപയോഗിച്ച പിക്ക് അപ്പ് വാന്‍ ഉടമ എന്നിവര്‍ക്കെതിരെയും കേസുണ്ട്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിന് പിന്നാലെ ഡിസംബര്‍ 30നാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. മെയ് 29ന് ബെഹ്റോറിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് ഇത് സമര്‍പ്പിക്കുകയും ചെയ്തു.
2017 ഏപ്രിലില്‍ ജയ്പൂരിലെ കന്നുകാലി മേളയില്‍ പങ്കെടുത്ത് നാട്ടിലേയ്ക്ക് മടങ്ങുമ്പോളാണ് ഗോരക്ഷ ഗുണ്ടകള്‍ പെഹ്ലു ഖാനേയും സംഘത്തേയും ആക്രമിച്ചത്. പശുക്കളെ വാങ്ങിയതിന്റെ രേഖകളോട് കൂടിയായിരുന്നു ഇവര്‍ യാത്ര ചെയ്തിരുന്നത്.