ഒസാക്ക: മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭീഷണി ഭീകരവാദമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഒസാക്കയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ ബ്രിക്സ് രാജ്യങ്ങളുടെ അനൗപചാരിക യോഗത്തിലാണ് നരേന്ദ്ര മോഡി ഇക്കാര്യം പറഞ്ഞത്. ഭീകരവാദത്തിനും വംശീയതക്കും പിന്തുണ നല്കുന്ന എല്ലാ ഇടപെടലുകളും നാം അവസാനിപ്പിക്കേണ്ടതുണ്ടെന്ന് മോഡി പറഞ്ഞു. ഭീകരാക്രമണത്തില്‍ നിരപരാധികളുടെ ജീവന് നഷ്ടപ്പെടുക മാത്രമല്ല, മറിച്ച് ഇത് സാമുദായിക ഐക്യത്തേയും സാമ്പത്തിക വികസനത്തേയും പ്രതികൂലമായി ബാധിക്കുമെന്നും നരേന്ദ്ര മോഡി കൂട്ടിച്ചേര്‍ത്തു.
ഇന്ന് ലോകം നേരിടുന്ന മൂന്ന് പ്രധാന പ്രശ്നങ്ങള്‍ക്ക് അഞ്ച് നിര്‍ദേശങ്ങളാണ് മോഡി ബ്രിക്സ് യോഗത്തില്‍ വെച്ചത്. കാലവസ്ഥാ വ്യതിയാനത്തിന് പരിഹാരമായി പുനഃരുപയോഗ ഊര്‍ജം ഉപയോഗിക്കണമെന്നും ആഗോള തലത്തില്‍ ഇതിനുള്ള ശ്രമങ്ങളും നിര്‍ദേശങ്ങളും ഉയര്‍ന്നുവരണമെന്നും മോഡി പറഞ്ഞു.
ബ്രിക്സ് രാജ്യങ്ങളുടെ തലവന്മാരായ ബ്രസീല്‍ പ്രസിഡന്റ് ജയിര്‍ ബൊള്‍സൊനാരോ, റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുതിന്, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രാംഫോസ പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.