ന്യൂഡല്‍ഹി: എസ്സി, എസ്ടി നിയമഭേദഗതി ബില്ലിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്കി. നിയമം ലഘൂകരിച്ച സുപ്രീം കോടതി ഉത്തരവ് മറികടക്കാനാണ് സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നത്. ദലിത് സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഉയര്‍ത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ബില്‍ കൊണ്ടുവന്നത്.
നിയമം ലഘൂകരിച്ച നടപടി നിയമം ശക്തിപ്പെടുത്തി പരിഹരിക്കണം എന്നാവശ്യപ്പെട്ട് ദളിത് സംഘടനകള്‍ രാജ്യത്താകമാനം ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഈ മാസം ഒന്‍പതിനാണ് ഭാരത് ബന്ദ് നടത്താനിരുന്നത്. പട്ടികജാതി, വര്‍ഗ നിയമത്തെ ശക്തിപ്പെടുത്തുന്നതിനു ഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാരിനുമേല്‍ കടുത്ത സമ്മര്‍ദ്ദമാണ് ഉണ്ടായിരുന്നത്.
വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് രാജ്യത്തെ ദളിത് സംഘടനകളെ അനുനയിപ്പിച്ച് നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടത്. നിയമനിര്‍മാണം എളുപ്പമല്ലെങ്കില്‍ പാര്‍ലമെന്റ് സമ്മേളനം നേരത്തേ അവസാനിപ്പിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനും കേന്ദ്രസര്‍ക്കാര്‍ നേരത്തെ ആലോചിച്ചിരുന്നു.
പട്ടികജാതി-വര്‍ഗ നിയമം ലഘൂകരിച്ച സുപ്രീം കോടതി നടപടിയില്‍ പ്രതിഷേധിച്ച് രാജ്യത്താകമാനം ഏപ്രിലില്‍ നടന്ന പ്രതിഷേധത്തില്‍ ഒന്‍പത് പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. ഇതിന് പിന്നാലെ എന്‍ഡിഎ യില്‍ രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
എന്‍ഡിഎയുടെ ഭാഗമായി ദീര്‍ഘകാല ബന്ധമുളള പാസ്വാന് മുന്നണിയില്‍ നിന്ന് പിന്മാറുമെന്ന നിലയില്‍ ഭീഷണി മുഴക്കിയതോടെയാണ് കേന്ദ്രസര്‍ക്കാര്‍ നിയമം ശക്തിപ്പെടുത്താനുളള ശ്രമങ്ങള്‍ ആരംഭിച്ചത്. അതേസമയം നിയമം ലഘൂകരിച്ച സുപ്രീം കോടതി ഡിവിഷന് ബെഞ്ചിലെ രണ്ടു ജഡ്ജിമാരില്‍ ഒരാളായ എകെ ഗോയലിനെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മേധാവിയാക്കിയതില്‍ ദളിത് സംഘടനകള്‍ക്കും പാര്‍ട്ടികള്‍ക്കും കടുത്ത അതൃപ്തിയുണ്ട്. അതേസമയം നിയമം ശക്തിപ്പെടുത്തി ഈ അതൃപ്തിയെ കൂടി മറികടക്കാമെന്നാണ് ബിജെപി കരുതുന്നത്.