ന്യൂഡല്‍ഹി; പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം വെട്ടിച്ചുരുക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. പരസ്പരമുള്ള അഭിപ്രായ വ്യത്യാസം മറന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് എതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്ത് എത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന് മോഡിയുടെ അടിമകളെപ്പോലെയാണ് പെരുമാറുന്നതെന്ന് ബിഎസ്പി അധ്യക്ഷ മായാവതിയും, മോഡല്‍ കോഡ് ഓഫ് കണ്ടക്ട് അല്ല മറിച്ച് ‘മോഡി കോഡ് ഓഫ് മിസ് കണ്ടക്ടാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് കോണ്‍ഗ്രസും പ്രതികരിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പരസ്യ പ്രചരണം നാളെ അവസാനിക്കാന്‍ ഇരിക്കേ ഇന്ന് രാത്രി 10 മണിക്ക് പ്രചാരണം നിര്‍ത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടിരുന്നു. ബംഗാളില്‍ തുടരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
ഇതിനെതിരെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം രംഗത്ത് വന്നിരിക്കുന്നത്. മമതാ ബാനര്‍ജിക്ക് തുറന്ന പിന്തുണയുമായിട്ടാണ് ബിഎസ്പി അധ്യക്ഷ രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷന് മോഡിയുടെ അടിമകളെപ്പോലെയാണ് പെരുമാറുന്നതെന്ന് വിമര്‍ശിച്ച മായാവതി, ഇങ്ങനെയാണോ ഒരു പ്രധാനമന്ത്രി പെരുമാറണ്ടതെന്നും ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും മമതാ ബാനര്‍ജിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും മായാവതി ആരോപിച്ചു.
”അക്രമസാധ്യത കണക്കിലെടുത്തായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്നലെത്തന്നെ പ്രചാരണം അവസാനിപ്പിക്കണമായിരുന്നു. എന്നാല്‍ ഇന്ന് പശ്ചിമബംഗാളില്‍ മോഡിക്ക് രണ്ട് റാലികളുണ്ട്. അതുകൊണ്ട് മാത്രമാണ് പ്രചാരണം അവസാനിപ്പിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. ഇത് പക്ഷപാതിത്വമല്ലാതെ മറ്റെന്താണെന്നും, മായാവതി ചോദിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഭരണഘടനെ വഞ്ചിക്കലാണെന്നാണ് ആരോപിച്ച് കോണ്‍ഗ്രസും രംഗത്ത് വന്നു. ”തെരഞ്ഞെടുപ്പ് കമ്മീഷനിപ്പോള്‍ മോഡിയുടെയും ഷായുടെയും കയ്യിലെ കളിപ്പാവയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വിമര്‍ശിച്ചു.
ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത അധ്യായമാണിത്. മോഡിയുടെ റാലികള്‍ക്ക് ഫ്രീ പാസ് കൊടുത്ത കമ്മീഷന് പക്ഷപാതപരമായി പെരുമാറുകയാണ്’ രാജ്യത്ത് ഇന്ന് നിലനില്‍ക്കുന്നത് മോഡല്‍ കോഡ് ഓഫ് കണ്ടക്ട് അല്ല മറിച്ച് ‘മോഡി കോഡ് ഓഫ് മിസ് കണ്ടക്ട്’ ആണെന്നും സുര്‍ജേവാല പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നടപടിക്ക് എതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. ഭരണഘടനയുടെ 324-ാം അനുച്ഛേദപ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രചാരണം ഒരു ദിവസം വെട്ടിക്കുറച്ച്. തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കാനോ, നീട്ടി വയ്ക്കാനോ, സ്ഥാനാര്‍ത്ഥികള്‍ക്ക് നേരെ നടപടിയെടുക്കാനോ മാത്രമേ ഇതുവരെ ഈ അനുച്ഛേദം ഉപയോഗിച്ചിട്ടുള്ളൂ. ഇത് ആദ്യമായിട്ടാണ് 324-ാം അനുച്ഛേദപ്രകാരം തെരഞ്ഞെടുപ്പ് പ്രചാരണം കമ്മീഷന് വെട്ടിക്കുറച്ചത്.