ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ തെരഞ്ഞെടുപ്പ് പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിനേക്കാള്‍ സമാധാനപരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് മോഡിയുടെ കടന്നാക്രമണം.
കശ്മീരിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് ഒരു പോളിങ് ബൂത്തില്‍ നിന്നും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് നിരവധിയാളുകളാണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പിലെ വിജയികളുടെ വീട് എല്ലാം അഗ്നിക്കിരയാക്കി. അവര്‍ ആകെ ചെയ്ത തെറ്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചു എന്നതായിരുന്നു. ജാര്‍ഖണ്ഡിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പാലായനം ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരായി- മോഡി പറഞ്ഞു.
എന്നോടുള്ള വെറുപ്പിന്റെ പേരില്‍ ജനാധിപത്യവിശ്വാസികളും നിഷ്പക്ഷരായിരുന്നവരും ബംഗാളിലെ അക്രമത്തെ കുറിച്ച് നിശബ്ദത പുലര്‍ത്തുന്നു. ഇത് ഏറേ ഉത്കണ്ഠയുണ്ടാക്കുന്നു. ഈ നടപടി രാജ്യത്ത് പ്രശ്നങ്ങളുണ്ടാക്കുമെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ ബംഗാളില്‍ ബിജെപി-തൃണമൂല്‍ സംഘര്‍ഷം കനക്കുകയാണ്. അവസാന ഘട്ടത്തില്‍ 9 മണ്ഡലങ്ങളാണ് ബംഗാളില്‍ ജനവിധി തേടുന്നത്. ഈ സീറ്റ് ലക്ഷ്യമിട്ടാണ് മമതയും ബിജെപിയും ഏറ്റ് മുട്ടുന്നത്.