ന്യൂഡല്‍ഹി; കുര്‍കുറെ ബ്രാന്‍ഡിനെതിരേ ദുഷ്പ്രചരണങ്ങള്‍ നടത്തിയെന്നാരോപിച്ച് സോഷ്യല്‍ മീഡിയയ്ക്കെതിരെ പെപ്സിക്കോ പരാതി നല്കി. ഫേസ്ബുക്ക്, ട്വിറ്റര്‍, യൂടൂബ് എന്നിവയ്ക്കെതിരേ പെപ്സിക്കോ പരാതി നല്‍കിയത്. കുര്‍കുറെയില്‍ പ്ലാസ്റ്റിക് ഉണ്ടെന്നതരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചതിനാണ് കമ്പനി പരാതി നല്‍കിയിരിക്കുന്നത്. ഈ വീഡിയോ പബ്ലിഷ് ചെയ്യാനുള്ള അനുമതി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ഒരുക്കിയെന്നും അതിലൂടെ തങ്ങളുടെ ബ്രാന്‍ഡിന് ദുഷ്പേര് വന്നുവെന്നുമാണ് പെപ്സിക്കോ പരാതി നല്‍കിയത്.
ഡല്‍ഹി ഹൈക്കോടതിയിലാണ് കമ്പനി പരാതി നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വില്‍പ്പന നടക്കുന്ന ക്രിസ്പ്സ് ബ്രാന്‍ഡുകളിലൊന്നാണ് കുര്‍കുറെ. പാക്കറ്റില്‍ നിന്നും കുര്‍കുറെ പുറത്തെടുത്ത ശേഷം അതിന് തീ കൊടുക്കുകയും കുര്‍കുറെ കത്തുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിലൂടെ കമ്പനിക്ക് രണ്ട് കോടി രൂപയുടെ നഷ്ടം വന്നുവെന്നാണ് കമ്പനി നല്കിയ പരാതിയില്‍ പറയുന്നത്.
3412 ഫേസ്ബുക്ക് ലിങ്കുകള്‍, 20244 ഫേസ്ബുക്ക് പോസ്റ്റുകള്‍, 242 യൂടൂബ് വീഡിയോകള്‍, 6 ഇന്‍സ്റ്റാഗ്രാം ലിങ്കുകള്‍, 562 ട്വീറ്റുകള്‍ എന്നിവ നീക്കം ചെയ്യാനാണ് പെപ്സിക്കോ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.