ന്യൂഡല്‍ഹി: ആഞ്ഞടിച്ച് വിറപ്പിച്ച ഫോനി ഒഡിഷയുടെ തീരത്തേക്ക് എത്തിയത് ഭുവനേശ്വര്‍ മുഴുവനായും ഇരുട്ടിലാഴ്ത്തിക്കൊണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. അതിതീവ്ര ചുഴലിക്കാറ്റായി എത്തിയ ഫോനിയുടെ ഭീകരത വെളിവാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് നാസ.
40 പേരുടെ ജീവനെടുത്ത ഫോനി ചുഴലിക്കാറ്റില്‍ ഒഡിഷ, ബംഗ്ലാദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ആസാമിലും നിരവധി വീടുകള്‍ക്ക് നാഷനഷ്ടം സംഭവിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ 12 ലക്ഷം ജനങ്ങളെയാണ് 4000 ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റിയത്.
36 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ആഞ്ഞടിച്ച ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റായിരുന്നു ഫോനി. മണിക്കൂറില്‍ 185 കിലോ മീറ്റര്‍ വേഗതയില്‍ വീശിയ കാറ്റ് കെട്ടിടങ്ങളും വീടുകളും വന്മരങ്ങളും കടപുഴക്കി. കാറ്റിനൊപ്പം അതിശക്തമായ മഴയും കൂടിയെത്തിയതോടെ വ്യാപക നാശനഷ്ടമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.