ന്യൂഡല്‍ഹി: ആദ്യം തന്നെ പുഴുവിനോട് ഉപമിച്ചു, മറ്റൊരാള്‍ പട്ടിയെന്ന് വിളിച്ചു കോണ്‍ഗ്രസ് വ്യക്തിപരമായി തന്നെ അപമാനിക്കുകയാണെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. എന്റെ അമ്മയെ പോലും അവര്‍ അധിക്ഷേപിക്കുന്നു. എന്റെ അച്ഛനാരെന്ന് ചോദിക്കുന്നു. താന്‍ പ്രധാനമന്ത്രിയായതിന് ശേഷമാണ് അവര്‍ തന്നെ ഇത്തരത്തില്‍ ക്രൂരമായി അപമാനിക്കുന്നതെന്ന് മോഡി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രാരണത്തിനിടെ ഹരിയാനയില്‍ വെച്ചാണ് നരേന്ദ്ര മോഡി ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസിന്റെ നിഘണ്ടുവിലെ സ്നേഹം എന്ന വാക്ക് ആരും കണ്ട് പഠിക്കരുതെന്നും മോഡി പറഞ്ഞു. രാജീവ് ഗാന്ധിയ്ക്കെതിരെ മോഡി വിദ്വേഷം നിറഞ്ഞ പ്രസ്താവന നടത്തിയെങ്കിലും മോഡിയോട് സ്നേഹം മാത്രമേ തനിക്കുള്ളുവെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസുകാര്‍ക്കെതിരെ ആരോപണങ്ങളുമായി മോഡി രംഗത്തെത്തിയത്.
‘ഞാന്‍ അവരുടെ അഴിമതി കണ്ടെത്തി. അവരുടെ കുടുംബവാഴ്ചയെ ചോദ്യം ചെയ്തു. ഇക്കാരണത്താല്‍ സ്നേഹത്തിന്റെ മൂടുപടമണിഞ്ഞ് അവര്‍ എന്നെ അപമാനിക്കുകയാണ്. കോണ്‍ഗ്രസ് തന്നെ ഹിറ്റ്ലറോടും, മുസോളിനിയോടും, ദാവൂദ് ഇബ്രാഹിമിനോടും വരെ ഉപമിച്ചു’വെന്ന് മോഡി വ്യക്തമാക്കി.
തന്റെ അമ്മയെപ്പോലും അവര്‍ അധിക്ഷേപിച്ചു. തന്റെ അച്ഛനാരാണെന്ന് വരെ ചോദിച്ചു. പുഴുവിനോടും പട്ടിയോടും തന്നെ ഉപമിച്ചു. താന്‍ പ്രധാനമന്ത്രിയായതിന് ശേഷമാണ് അവര്‍ ഇത്തരത്തില്‍ തന്നെ അപമാനിക്കുന്നതെന്നും നരേന്ദ്ര മോഡി പറഞ്ഞു.