കുരുക്ഷേത്ര: പാകിസ്താനുമായുള്ള സിന്ധു നദീ ജല കരാര്‍ കോണ്‍ഗ്രസ് റദ്ദാക്കാത്തതില് വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത്. പാകിസ്താന് നമ്മുടെ നദികളിലെ വെള്ളമെടുത്ത് ഭൂമി ഫലഭൂയിഷ്ഠമാക്കുകയാണെന്നും രാജ്യത്തെ കര്‍ഷകര്‍ക്ക് വേണ്ടി ഓരോ തുള്ളി വെള്ളവും ഇന്ത്യയിലേക്ക് തന്നെ താന്‍ കൊണ്ടുവരുമെന്നും മോഡി പറഞ്ഞു.
ഹരിയാനയിലെ കുരുക്ഷേത്രയില്‍ തെരഞ്ഞെടുപ്പ് റാലിയ്ക്കിടെയാണ് നരേന്ദ്ര മോഡി ഇക്കാര്യം പറഞ്ഞത്. 1960 ല്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും പാകിസ്താന് മുന്‍ പ്രസിഡന്റ് അയ്യൂബ് ഖാനും ചേര്‍ന്ന് ഒപ്പുവെച്ച കരാറാണ് സിന്ധു നദീജല കരാര്‍. ഇത് പ്രചാരണ ആയുധമാക്കിക്കൊണ്ടായിരുന്നു മോഡിയുടെ പ്രസംഗം.
നമ്മുടെ നദികളിലെ വെള്ളമെടുത്ത് പാകിസ്താന് അവരുടെ ഭൂമിയെല്ലാം ഫലഭൂയിഷ്ഠമാക്കുകയാണ്. ഈ വെള്ളം നമ്മുടെ കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ടതാണ്. രാജ്യത്തെ കര്‍ഷകര്‍ക്ക് വേണ്ടി ഓരോ തുള്ളി വെള്ളവും ഇന്ത്യയിലേക്ക് തന്നെ താന്‍ കൊണ്ടുവരുമെന്നും മോഡി അറിയിച്ചു.
കോണ്‍ഗ്രസിന്റെ സഖ്യകക്ഷികള്‍ പാകിസ്താനെ സ്നേഹിക്കുന്നവരാണ്. പാക് പ്രധാനമന്ത്രിക്ക് നൊബേല്‍ പുരസ്കാരം ലഭിക്കണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസിന്റെ നിഘണ്ടുവിലെ സ്നേഹം എന്ന വാക്ക് ഒഴിവാക്കണമെന്നും അത് വരും തലമുറയെ മലിനമാക്കുമെന്നും മോഡി കൂട്ടിച്ചേര്‍ത്തു.