പുണെ: മരങ്ങളും കൂറ്റന്‍ വൃക്ഷങ്ങളും നിറഞ്ഞ ഒരു വലിയ പറമ്പ്, അതിന് ഒത്ത നടുവിലായി വൈദ്യുതി ബന്ധം പോലുമില്ലാത്ത ഒരു കൊച്ച് വീട്. ഇവിടെ താമസിക്കുന്നത് ഒരു റിട്ടയേര്‍ഡ് പ്രൊഫസറായ ഡോ. ഹേമ സാനെയാണ്. ആധുനിക ലോകത്തില്‍ അമ്പരപ്പിക്കുന്ന ജീവിതമാണ് 79 കാരിയായ ഹേമ ഇവിടെ
നയിക്കുന്നത്.
പ്രകൃതിയോടും പരിസ്ഥിതിയോടും ഇണങ്ങി ജീവിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് താന്‍ എന്ന് ഹേമ പറയുന്നു. വീട്ടില്‍ വൈദ്യുതി ബന്ധം ഇല്ലാത്തത് ഒരു കുറവായി കാണുന്നില്ല, മറിച്ച് വൈദ്യുതി പ്രചാരത്തിലില്ലാത്ത കാലത്തും സുഖമായി തന്നെയാണ് താന്‍ കഴിഞ്ഞതെന്നും ഇതുവരെ അതിലൊരു പ്രയാസവും തോന്നിയിട്ടില്ലെന്നും പ്രൊഫസര്‍ വ്യക്തമാക്കുന്നു.
ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവയാണ് ഒരു മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങള്‍. ഇവിടെ തനിക്ക് അതെല്ലാം ലഭിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. വലിയ പറമ്പിന് നടുവിലായുള്ള ഹേമയുടെ വീടിന് ചുറ്റും പച്ചപ്പ് വിരിച്ച് കൊണ്ട് മരങ്ങളും വൃക്ഷങ്ങളും പൂക്കളും ചെടികളുമെല്ലാമുണ്ട്. ഇവിടെ പ്രൊഫസര്‍ തനിച്ചല്ല, നായകളും പൂച്ചകളും പക്ഷികളും കൂട്ടിനുണ്ട്.
ഈ പ്രകൃതി നമ്മുടേതല്ല ആ ജീവികളുടേതാണ്, അവയെ സംരക്ഷിക്കേണ്ടത് തന്റെ കര്‍ത്തവ്യമാണെന്നും ഡോ. ഹേമ കൂട്ടിച്ചേര്‍ക്കുന്നു. പക്ഷികളുടെ സുഖകരമായ ശബ്ദത്തില്‍ ആരംഭിക്കുന്ന പ്രൊഫസറുടെ ഓരോ ദിവസവും അവസാനിക്കുന്നത് തന്റെ ചെറിയ വീടിന് വെളിച്ചം പകരാന്‍ വിളക്കുകള്‍ തെളിയിച്ചു കൊണ്ടാണ്.
ഇത്തരത്തിലുള്ള സുന്ദരമായ ജീവിതം നയിക്കുന്ന തന്നെ വിഡ്ഢി എന്ന് പലരും വിളിച്ചിട്ടുണ്ട്. കാട്ടിനുള്ള വെട്ടം പോലുമില്ലാത്ത വീട് വിറ്റ് മറ്റ് എവിടെയെങ്കിലും പോയി സുഖമായി ജീവിക്കാന്‍ പലരും ഉപദേശിച്ചിട്ടുണ്ട്. പക്ഷെ അങ്ങനെ താന്‍ ഇതെല്ലാം ഉപേക്ഷിച്ച് പോയാല്‍ ഈ മരങ്ങള്‍ക്കും പക്ഷികള്‍ക്കും കൂട്ടായി ആരാണ് ഉണ്ടാവുകയെന്ന് പ്രൊഫസര്‍ ചോദിക്കുന്നു.
ബോട്ടണിയില്‍ ഡോക്ടറേറ്റ് നേടിയ ഹേമ സാനെ ഗര്വാഡെ യൂണിവേഴ്സിറ്റിയില്‍ വര്‍ഷങ്ങളോളം അധ്യാപികയായിരുന്നു. സസ്യശാസ്ത്രത്തിലും പരിസ്ഥിതി ശാസ്ത്രത്തിലും അനവധി പുസ്തകങ്ങള്‍ രചിച്ച ഡോ. ഹേമ എഴുത്തിലാണ് ഒഴിവുസമയം കൂടുതലും ചെലവഴിക്കുന്നത്.