ന്യൂഡല്‍ഹി: കാവല്ക്കാരന് കള്ളനാണെന്ന് സുപ്രീം കോടതി പറഞ്ഞുവെന്ന വിവാദ പരാമര്‍ശത്തില്‍ ഒടുവില്‍ മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നേരത്തെ ഖേദം പ്രകടിപ്പിച്ച് രാഹുല്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ ഇത് കോടതി നിരാകരിച്ചതോടെയാണ് രാഹുല്‍ നിരുപാധികം മാപ്പ് പറഞ്ഞുള്ള പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു രാഹുലിന്റെ പരാമര്‍ശം. റഫാല്‍ ഇടപാടില്‍ കോടതി കാവല്ക്കാരന് കള്ളനാണെന്ന് കണ്ടെത്തിയെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. എന്നാല്‍ കോടതി അങ്ങനെ അഭിപ്രായപ്പെട്ടിട്ടില്ലെന്നും രാഹുലിന്റെ പ്രസ്താവന കോടതി അലക്ഷ്യമാണെന്നും വ്യക്തമാക്കി ബിജെപി നേതാവ് മീനാക്ഷി ലേഖി സുപ്രീംകോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി നല്കി.
തുടര്‍ന്ന് ഖേദം പ്രകടിപ്പിച്ച് രാഹുല്‍ സത്യവാങ്മൂലം നല്‍കിയെങ്കിലും കോടതി അത് നിരാകരിക്കുകയായിരുന്നു. ഇതിന് ശേഷമാണ് രാഹുല്‍ നിരുപാധികം മാപ്പ് പറഞ്ഞുള്ള പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്. കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം സത്യവാങ്മൂലത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പ്രസംഗത്തില്‍ കോടതിയെ പരാമര്‍ശിച്ചത് തെറ്റായിപ്പോയെന്നും, ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിച്ച് രാഹുല്‍ഗാന്ധി സത്യവാങ്മൂലം സമര്‍പ്പിച്ചതായും രാഹുലിന്റെ അഭിഭാഷകനായ മനു അഭിഷേക് സിംഗ്വിയാണ് അറിയിച്ചത്. എന്നാല്‍ രാഹുല്‍ സമര്‍പ്പിച്ച രണ്ട് സത്യവാങ്മൂലത്തില്‍ രണ്ടിലും ഖേദം പ്രകടിപ്പിക്കുന്നു എന്ന ഒറ്റ വാക്കുമാത്രമേ ഉള്ളൂവെന്നും ഇത് മാപ്പ് പറച്ചിലല്ലെന്നും മീനാക്ഷി ലേഖിയുടെ അഭിഭാഷകയായ രുചി കോഹ് ലി ചൂണ്ടിക്കാട്ടി.
റഫാല്‍ കേസില്‍ ചില രേഖകള്‍ പരിഗണിക്കാമെന്ന വിധി പുറപ്പെടുവിച്ച ദിവസം ഒന്നിലധികം ഇടങ്ങളില്‍ രാഹുല്‍ ഈ പ്രസ്താവന ആവര്‍ത്തിച്ചിട്ടുണ്ടെന്നും ഇത് ബോധപൂര്‍വമാണെന്നും രുചി കോഹ്ലി വാദിച്ചു.തുടര്‍ന്ന് സത്യവാങ്മൂലത്തില്‍ ബ്രാക്കറ്റില്‍ ഖേദം എന്നെഴുതിയാല്‍ ഇത് ഖേദപ്രകടനം ആകുന്നതെങ്ങനെയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചോദിച്ചു. ഖേദം പ്രകടിപ്പിക്കുന്നതിന് 22 പേജുള്ള സത്യവാങ്മൂലം എന്തിനെന്നും ജസ്റ്റിസ് ആരാഞ്ഞിരുന്നു.
എന്നാല്‍ ഹര്‍ജിക്കാരിയുടെ വാദം തെറ്റെന്നും, ഖേദ പ്രകടനവും മാപ്പു പറയലും ഒന്നുതന്നെയെന്നും മനു അഭിഷേക് സിംഗ്വിയും വാദിച്ചു. ഇതിന് മറുപടി നല്കിയ ശേഷം കോടതി മാപ്പു പറഞ്ഞുകൊണ്ട് പുതിയ അപേക്ഷ നല്കാന് നിര്‍ദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ പുതിയ സത്യവാങ്മൂലം നല്‍കിയത്. ഇതില്‍ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണമെന്നും രാഹുല്‍ അഭ്യര്‍ത്ഥിച്ചു.