ന്യൂഡല്‍ഹി: ചന്ദ്രയാന്‍ 2 ജൂലൈയില്‍ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ജൂലായ് 9നും 16നും ഇടയിലായിരിക്കും ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 2 വിക്ഷേപിക്കുക. 800 കോടി ചെലവിലാണ് ചന്ദ്രയാന്‍ 2 പൂര്‍ത്തിയാക്കിയിരിക്കുന്നത്. ജൂലൈയില്‍ വിക്ഷേപിക്കുന്ന ചാന്ദ്രയാന്‍ 2 സെപ്തംബര്‍ ആറിന് ചന്ദ്രനില്‍ ഇറങ്ങുമെന്നാണ് ഐഎസ്ആര്‍ഒ പ്രതീക്ഷിക്കുന്നത്.
ചാന്ദ്രയാന്‍ 2 പൂര്‍ത്തിയാക്കാന്‍ ചെലവായ 800 കോടിയില്‍ 600 കോടി മാത്രമാണ് ഉപഗ്രഹത്തിന് വേണ്ടി ചെലവാക്കിയിരിക്കുന്നത്. ബാക്കി 200 കോടി രൂപ വിക്ഷേപണത്തിനുവേണ്ടിയാണ്. ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്ന ചാന്ദ്രയാന്‍ 2ന്റെ ഭാരം 3290 കിലോ ആണ്. ഐഎസ്ആര്‍ഒ യുടെ ഏറ്റവും സങ്കീര്‍ണമെന്ന് വിശേഷിപ്പിക്കുന്ന ദൗത്യം കൂടിയാണിത്.
ചന്ദ്രനില്‍ വെള്ളം, ടൈറ്റാനിയം, കാല്‍സ്യം, മഗ്നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നീ ലോഹങ്ങളുടെ സാന്നിധ്യം, ചന്ദ്രന് ഒരുകാലത്തു പൂര്‍ണമായും ഉരുകിയ അവസ്ഥയിലായിരുന്നു എന്നുള്ള മാഗ്മ ഓഷന്‍ ഹൈപ്പോത്തിസിസിന്റെ സ്ഥിരീകരണം എന്നിവയെല്ലാം ചന്ദ്രയാന്‍ 1 ദൗത്യത്തിന്റെ സംഭാവനകളായിരുന്നു. ഇതിന്റെ തുടര്‍ച്ചയായുള്ള പല നിര്‍ണ്ണായകമായ കണ്ടുപിടിത്തങ്ങളാണ് ചന്ദ്രയാന്‍ 2ലൂടെ ലക്ഷ്യമിടുന്നത്.
മാര്‍ക് ത്രീ എന്ന റോക്കറ്റാണ് ചന്ദ്രയാന്‍ 2 വഹിക്കുന്നത്. ജിഎസ്എല്‍വി ശ്രേണിയിലെ ഏറ്റവും വികസിത റോക്കറ്റാണ് മാര്‍ക് ത്രീ. നാലായിരം കിലോയിലധികം ഭാരവാഹകശേഷിയുള്ള റോക്കറ്റ് ഐഎസ്ആര്‍ഒയുടെ ഫാറ്റ്ബോയ് എന്നാണ് അറിയപ്പെടുന്നത്.