ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി തെരഞ്ഞെടുപ്പു കമ്മീഷന് ഇതുവരെ പിടിച്ചെടുത്തത് 3244 കോടി വിലവരുന്ന സാധന സാമഗ്രികള്‍. പോലീസും തെരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച പ്രത്യേക സ്ക്വാഡും ചേര്‍ന്ന് തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ നടത്തിയ വാഹനപരിശോധനയിലാണ് അനധികൃതമായി കടത്തുകയായിരുന്ന സാധനസാമഗ്രികള്‍ പിടികൂടിയത്.
781 കോടി രൂപയുടെ കറന്‍സി, 245 കോടി വിലവരുന്ന മദ്യം, 1193 കോടിയുടെ മയക്കുമരുന്ന്, 970 കോടി മൂല്യംവരുന്ന സ്വര്‍ണം, 52 കോടിയുടെ മറ്റു സാമഗ്രികള്‍ എന്നിവയാണ് ഇതുവരെ പിടിച്ചെടുത്തത്. കേരളത്തില്‍ ഏപ്രില്‍ 23 ന് തെരഞ്ഞെടുപ്പു പൂര്‍ത്തിയായപ്പോള്‍ 8.56 കോടി രൂപയുടെ കറന്‍സി, 54 ലക്ഷം രൂപ വിലവരുന്ന മദ്യം, 22.13 കോടിയുടെ മയക്കുമരുന്ന്, 3.26 കോടിയുടെ സ്വര്‍ണവും മറ്റാഭരണങ്ങളും ഒരു ലക്ഷത്തിന്റെ മറ്റു സാമഗ്രികള്‍ എന്നിവയാണ് പിടിച്ചത്.
തമിഴ്നാട്ടില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം പിടികൂടിയത്.. 215.37 കോടിയോളം രൂപയാണ് ഇവിടെ നിന്ന് മാത്രം കണ്ടെത്തിയത്. ഏറ്റവും കൂടുതല്‍ മയക്കുമരുന്നു പിടിച്ചത് ഗുജറാത്തില്‍നിന്നാണ്. 524 കോടി രൂപ വിലവരുന്ന 130 കിലോഗ്രാം മയക്കുമരുന്നാണ് അവിടെ നിന്നു മാത്രം പിടിച്ചെടുത്തത്. മദ്യം നിരോധിച്ച സംസ്ഥാനമായ ഗുജറാത്തില്‍ നിന്ന് പിടിച്ചത് 11.36 കോടി വിലവരുന്ന 3.97 ലക്ഷം ലിറ്റര്‍ മദ്യമാണ്. തെരഞ്ഞെടുപ്പിന് ഇനിയും നാലുഘട്ടങ്ങള്‍ ബാക്കിയിരിക്കെ, അനധികൃത പണത്തിന്റെയും സാധനങ്ങളുടെയും ഒഴുക്ക് വലിയ തോതിലുണ്ടാവുമെന്നാണ് കരുതുന്നത്. അതിനാല്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ് അധികൃതര്‍.