ലക്നൗ: വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മത്സരിക്കുന്നില്ലെന്ന് ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്. തന്റെ സ്ഥാനാര്‍ത്ഥിത്വം ദലിത് വോട്ടുകള്‍ ഭിന്നിക്കാന്‍ കാരണമാകും എന്നതിനാലാണ് പിന്മാറുന്നത്. ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ ബിഎസ്പി – എസ്പി സഖ്യത്തെ പിന്തുണക്കുമെന്നും ചന്ദ്ര ശേഖര്‍ ആസാദ് വ്യക്തമാക്കി.
ചന്ദ്ര ശേഖര്‍ ആസാദ് മോഡിക്കെതിരെ മത്സരിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ ചന്ദ്ര ശേഖര്‍ ആസാദിനെ വിമര്‍ശിച്ച് ബിഎസ്പി നേതാവ് മായാവതി രംഗത്ത് വന്നിരുന്നു. ചന്ദ്രശേഖര്‍ മത്സരിച്ച് ദലിത് വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും, ചന്ദ്രശേഖര്‍ ബിജെപിയുടെ ഏജന്റാണ് എന്നുമാണ് മായാവതി വിമര്‍ശിച്ചത്. പിന്നാലെയാണ് മത്സര രംഗത്ത് നിന്ന് പിന്മാറുന്നതായി ചന്ദ്രശേഖര്‍ ആസാദ് അറിയിച്ചത്.
‘നമ്മുടെ തന്നെ ആളുകള്‍ നമ്മളെ ബിജെപി ഏജന്റെന്ന് വിളിക്കുകയാണ്. എന്നാലും മായാവതി തന്നെ പ്രധാനമന്ത്രിയാകണമെന്നാണ് എന്റെ ആഗ്രഹം. ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. തന്റെ സ്ഥാനാര്‍ഥിത്വം ഒരു വിധത്തിലും മോഡിക്കും ബിജെപിക്കും അനുകൂലമായി മാറാന്‍ പാടില്ല. അതിനാല്‍ താന്‍ പിന്മാറുന്നു- ബിജെപി ഏജന്റെന്ന മായാവതിയുടെ ആരോപണത്തോട് ചന്ദ്രശേഖര്‍ പ്രതികരിച്ചു.