മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്ത് രാജ്യത്തെ കൂടുതല്‍ ശക്തമാക്കാന്‍ കന്നി വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രാജ്യത്തെ ശക്തമാക്കാന്‍ ബിജെപി ഇനിയും അധികാരത്തില്‍ എത്തേണം. അതിന് നിങ്ങള്‍ ഓരോരുത്തരുടെയും വിലയേറിയ വോട്ട് രേഖപ്പെടുത്തണമെന്നും നരേന്ദ്ര മോഡി പറഞ്ഞു. നിങ്ങള്‍ക്ക് ഇപ്പോള്‍ 18 വയസ്സ് പിന്നിട്ടിരിക്കുകയാണ്. നിങ്ങള്‍ നിങ്ങളുടെ വോട്ട് രാജ്യത്തിനുവേണ്ടി നല്‍കണമെന്നും കന്നി വോട്ടര്‍മാരോട് മോഡി അഭ്യര്‍ത്ഥിച്ചു.
രാജ്യത്തെ ശക്തമാക്കുന്നതിന്, ശക്തമായ ഒരു സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് കന്നിവോട്ടര്‍മാരുടെ ഓരോ വോട്ടും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യോമാക്രമണം നടത്തിയ ധീരരായ വ്യോമസേന പൈലറ്റുമാര്‍ക്കുള്ള ബഹുമതിയായി നിങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്താന്‍ തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
പാവപ്പെട്ടവനു വേണ്ടി അവന് സുരക്ഷിതമായി താമസിക്കാന്‍ ഒരു വീട് ഉറപ്പുവരുത്തുന്നതിനായും കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ വെള്ളമെത്തിക്കുന്നതിനും നിങ്ങളുടെ ജീവിതത്തിലെ ആദ്യ വോട്ട് നല്കാന് തയ്യാറാണോ എന്നും നരേന്ദ്ര മോഡി യുവാക്കളോടായി ചോദിച്ചു.