കാഠ്മണ്ഡു: ഉയരം കുറഞ്ഞോ എന്ന സംശയം തീര്‍ക്കാനായി നേപ്പാള്‍ വീണ്ടും എവറസ്റ്റ് കൊടിമുടിയുടെ ഉയരം അളക്കുവാന്‍ ഒരുങ്ങുന്നു. നേപ്പാളിലുണ്ടായ ഭൂകമ്പത്തിന് ശേഷം എവറസ്റ്റിന്റെ ഉയരം കുറഞ്ഞുവരുന്നു എന്ന വാദങ്ങള്‍ പലയിടങ്ങളിലായി ശക്തമാകുന്നുണ്ട്. ഇതിന് ഇടയിലാണ് കൊടുമുടിയുടെ ഉയരം നേപ്പാള്‍ സര്‍ക്കാര്‍ വീണ്ടും അളക്കാന്‍ ഒരുങ്ങുന്നു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി എന്നറിയപ്പെടുന്ന എവറിസ്റ്റിന്റെ ഉയരം അളക്കുന്നതിനായി നാലുപേരടങ്ങുന്ന സംഘത്തെയാണ് നേപ്പാള്‍ സര്‍ക്കാര്‍ നിയോഗിച്ചത്. കൊടുമുടി കയറുന്നതിന് പരിശീലനം നേടിയ സംഘം ബുധനാഴ്ച എവറസ്റ്റിന്റെ ഉയരം അളക്കാന്‍ പുറപ്പെടും. കൊടുമുടിയുടെ ഉയരം കുറഞ്ഞെന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ അവസാനമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
നേപ്പാള്‍-ചൈന അതിര്‍ത്തിയില്‍ നിലകൊള്ളുന്ന എവറസ്റ്റിന്റെ നിലവിലെ ഉയരം 8,848 മീറ്റര്‍ (29,029 അടി) ആണ്. 1954ല്‍ എവറസ്റ്റ് കൊടുമുടി അളന്നപ്പോള്‍ ലഭിച്ച ഉയരമാണിത്. ഇതിനു ശേഷവും നിരവധി സംഘം എവറസ്റ്റിന്റെ ഉയരം അളന്നിരുന്നു. എന്നാല്‍, ഔദ്യോഗികമായി ഇതൊന്നും അംഗീകരിക്കപ്പെട്ടിട്ടില്ല. 1999ല്‍ എവറിസ്റ്റിന്റെ ഉയരം അളന്ന അമേരിക്കന്‍ സംഘം നിലവിലെ കണക്കില്‍ നിന്നും രണ്ട് മീറ്റര്‍ കൂടുതലാണെന്ന് ജിപിഎസ് ടെക്നോളജി ഉപയോഗിച്ചുള്ള സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു.
2015 ഏപ്രിലില്‍ നേപ്പാളില്‍ വന്‍നാശം വിതച്ച ഭൂകമ്പത്തെ തുടര്‍ന്ന് ഹിമാലയം 60 സെന്റീമീറ്റര്‍ വരെ താണതായി സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ‘വളരുന്ന’ പര്‍വ്വതനിരയാണ് സാധാരണഗതില്‍ ഹിമാലയം. ഭൂപ്രതലത്തില്‍ നിന്ന് 20 കിലോമീറ്റര്‍ താഴ്ചയിലുള്ള ഒരു തിട്ടയിലേക്ക് താഴെനിന്ന് പദാര്‍ഥങ്ങള്‍ തള്ളുന്നതിന്റെ ഫലമായാണ് പര്‍വ്വത വളര്‍ച്ച സാധ്യമാകുന്നത്. എന്നാല്‍, 2015 ഏപ്രിലിലെ ഭൂകമ്പത്തില്‍ ആ പ്രക്രിയ നേരെ വിപരീതമായി. ഭൂകമ്പഫലമായി സമ്മര്‍ദ്ദം ഒഴിഞ്ഞപ്പോള്‍ ഭൂപ്രതലം പൊടുന്നനെ താഴേക്ക് അമര്‍ന്നെന്നും അങ്ങനെയാണ് ഹിമാലയത്തിന് പൊക്കം കുറഞ്ഞതെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഭൂകമ്പമുണ്ടായ പ്രദേശത്തിന് 50 കിലോമീറ്ററിലേറെയാണ് എവറസ്റ്റ് കൊടുമുടിയുടെ സ്ഥാനമെന്നും അതിനാല്‍ എവറസ്റ്റിന്റെ പൊക്കത്തില്‍ വ്യത്യാസമൊന്നുമുണ്ടായിട്ടില്ലെന്നും മറ്റ് ചില ഗവേഷകരും പറയുന്നു. ഇക്കാര്യത്തില്‍ സത്യാവസ്ഥ അറിയാനാണ് ഇപ്പോള്‍ വീണ്ടും കൊടുമുടി അളക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. ‘ഭൂകമ്പത്തിനു ശേഷം എവറസ്റ്റ് കൊടിമുടിയുടെ ഉയരത്തെ ചൊല്ലി തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണ്. ഇതാണ് വീണ്ടും കൊടുമുടി അളക്കാന്‍ കാരണമെന്ന് സര്‍വേ വകുപ്പ് ഉദ്യോഗസ്ഥന് സുശീല്‍ ഡംഗലും വ്യക്തമാക്കി.