ന്യൂഡല്‍ഹി: ആദ്യഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കാനിരിക്കെ ലോക്സഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിങിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണപ്രദേശങ്ങളും മേഘാലയ, മിസോറാം, നാഗലാന്റ്, സിക്കിം, തെലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലുമാണ് ഒറ്റഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഏപ്രില്‍ 11നായിരിക്കും തെരഞ്ഞെടുപ്പ്. ആകെ 91 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. വിവിധ ഘട്ടങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന യുപി അടക്കമുള്ള 9 സംസ്ഥാനങ്ങളിലെ ചില മണ്ഡലങ്ങളിലും അന്നേ ദിവസം തെരഞ്ഞെടുപ്പ് നടക്കും.
ഇന്ന് വൈകീട്ടോടെ ഇവിടെങ്ങളിലെല്ലാം പ്രചാരണം അവസാനിക്കും. ഇതോടെ പ്രചാരണം കൊഴുപ്പിക്കാന്‍ നേതാക്കന്മാര് എല്ലാം ഇന്ന് നാട്ടിലിറങ്ങും. മഹാരാഷ്ട്രയില്‍ തുടങ്ങി കര്‍ണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ബിജെപിയുടെ പ്രചാരണത്തിനെത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആസാം , ബീഹാര്‍ , ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് പ്രചരണത്തിന് നേതൃത്വം നല്‍കുന്നത്. യുപിയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലാണ് പ്രിയങ്ക എത്തുക.