ലഖ്നൗ: കോണ്‍ഗ്രസും ബിജെപിയും പാവങ്ങളെ ഓര്‍ക്കുന്നത് തെരഞ്ഞെടുപ്പ് കാലത്താണെന്ന് ബിഎസ് പി നേതാവ് മായാവതി. കാവല്‍ക്കാരാണെന്ന വാദം കൊണ്ട് ബിജെപിയും ന്യായ് പദ്ധതിയിലൂടെ കോണ്‍ഗ്രസും വോട്ട് നേടാന്‍ ശ്രമിക്കേണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അധികാരം മാത്രം മോഹിക്കുന്ന ബിജെപിയെ വിജയിക്കാന്‍ സഹായിക്കുന്ന ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നതെന്നും മായാവതി ആരോപിച്ചു.
ഉത്തര്‍പ്രദേശില്‍ എസ്പി- ബിഎസ്പി- ആര്‍എല്‍ഡി മഹാസഖ്യത്തിന്റെ ആദ്യ തെരഞ്ഞെടുപ്പു പ്രചാരണ റാലിയിലാണ് ബിജെപിയെയും കോണ്‍ഗ്രസിനെയും മായാവതി കടന്നാക്രമിച്ചത്. വെറുപ്പിനാല്‍ പ്രചോദിതമായ നയങ്ങളാണ് ബിജെപിയുടേതെന്ന് അവര്‍ കുറ്റപ്പെടുത്തി. തെറ്റായ നയങ്ങളും പ്രവര്‍ത്തികളും കാരണം ഇത്തവണ ബിജെപി പരാജയപ്പെടും. കാവല്‍ക്കാരാണെന്ന് പറഞ്ഞ് നടക്കുന്നത് കൊണ്ട് യാതൊരു ഗുണവും ലഭിക്കാന്‍ പോകുന്നില്ലെന്നും മായാവതി പറഞ്ഞു.
ന്യായ് പദ്ധതി ജനങ്ങളെ പ്രലോഭിപ്പിക്കാനുള്ളത് മാത്രമാണെന്നും കോണ്‍ഗ്രസിനെ വിമര്‍ശിച്ചു കൊണ്ട് മായാവതി പറഞ്ഞു. സര്‍ക്കാര്‍-സ്വകാര്യമേഖലകളില്‍ തൊഴിലാണ് തങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്നും കോണ്‍ഗ്രസും ബിജെപിയും തെരഞ്ഞെടുപ്പ് കാലം എത്തുമ്പോള്‍ മാത്രമെ പാവങ്ങളെ ഓര്‍ക്കാറുള്ളൂവെന്നും മായാവതി വ്യക്തമാക്കി.