ശ്രീനഗര്‍: പ്രചാരണതന്ത്രമായി കാവി വിട്ട് പച്ച പിടിച്ചിരിക്കുകയാണ് ബിജെപി എന്ന് എതിരാളികള്‍ വിമര്‍ശിക്കുന്നു. കാശ്മീരില്‍ പ്രചാരണത്തിന്റെ ഭാഗമായി കടുംപച്ച നിറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി നല്കിയ പത്രപ്പരസ്യമാണ് ഇപ്പോള്‍ രാഷ്ട്രീയ രംഗത്തെ ചൂടേറിയ ചര്‍ച്ച. ശ്രീനഗര്‍ ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഖാലിദ് ജഹാംഗീര്‍ ഷൈഖിയാണ് പരസ്യം നല്‍കിയിരിക്കുന്നത്.
വെറും നാല് വോട്ടിന് വേണ്ടി ബിജെപി കാവിയെ മറന്നുവെന്നാണ് എതിരാളികളുടെ വിമര്‍ശനം. പച്ചക്കളറില്‍ നല്‍കിയിരിക്കുന്ന പരസ്യത്തില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പ്രധാനമന്ത്രിയുടെ ചിത്രവും ഒപ്പം തെരഞ്ഞെടുപ്പ് ചിഹ്നമായ താമരയുമുണ്ട്. ബിജെപി എന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നതും പച്ചക്കളറില്‍ തന്നെ. എന്നാല്‍ നിറത്തിലൂടെയല്ല നിലപാടുകള്‍ നിര്‍ണ്ണയിക്കേണ്ടതെന്ന് സ്ഥാനാര്‍ത്ഥി ഖാലിദ് ജഹാംഗീര്‍ ഷെയ്ഖ് പരസ്യത്തെ ന്യായീകരിച്ചു കൊണ്ട് പറഞ്ഞു.
വ്യാഴാഴ്ച കാശ്മീരിലെ മിക്ക പത്രങ്ങളിലും ഈ പരസ്യം വന്നിട്ടുണ്ട്. കാവി ഉപേക്ഷിച്ച് ബിജെപി പച്ചയിലേക്ക് കടന്നത് ഇരട്ടത്താപ്പാണെന്നും മതവികാരം വോട്ടാക്കാനുള്ള ശ്രമമാണെന്നും പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും അടക്കമുള്ള പാര്‍ട്ടികള്‍ ആരോപിക്കുന്നു.