അമേഠി: പേടിച്ച് ഒളിച്ചോടിയ എംപിയില്‍ നിന്നും നാടിനെ രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കാതെ രണ്ടാം മണ്ഡലമായ വയനാട്ടില്‍ മത്സരിക്കുന്നതിനെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു സ്മൃതിയുടെ കുറ്റപ്പെടുത്തല്‍.
ഇന്ത്യക്കാരെന്ന് അഭിമാനിക്കുന്നവരുടെ വിധിയെഴുത്താണ് ഈ തെരഞ്ഞെടുപ്പ്. അമേഠിയില്‍ തോല്‍ക്കുമെന്ന് ഉറപ്പായതോടെയാണ് രാഹുല്‍ വയനാട്ടിലേക്ക് ഒളിച്ചോടിയത്.പേടിച്ച് ഒളിച്ചോടിയ എംപിയില്‍ നിന്നും അമേഠിയെ സ്വതന്ത്രമാക്കുമെന്നും സ്മൃതി ഇറാനി പറഞ്ഞു.
വരുംതലമുറയുടെ ഭാവി നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്നും രാഹുലില്‍ നിന്നും എങ്ങനെയും അമേഠി തിരിച്ച് പിടിക്കുമെന്നും സ്മൃതി വ്യക്തമാക്കി. പാഴ് വാഗ്ദാനങ്ങള്‍ നല്‍കിയായിരുന്നു രാഹുല്‍ അധികാരത്തിലെത്തിയത്. തനിക്ക് ലഭിച്ച സ്ഥാനം മതിവരുവോളം ആസ്വദിച്ച ശേഷം അമേഠിയെ വഞ്ചിച്ച് രാഹുല്‍ വയനാട്ടിലേക്ക് പോകുകയായിരുന്നെന്നും അവര്‍ പറഞ്ഞു.
രാഹുലിന്റെ പ്രകടന മികവ് അറിയാന്‍ വയനാട്ടുകാര്‍ അമേഠിയിലേക്കു വന്നാല്‍ മതിയെന്നും ചതിയില്‍ പെടരുതെന്നും സ്മൃതി കൂട്ടിച്ചേര്‍ത്തു. വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു ശേഷവും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു ശേഷവും രാഹുലിനെതിരെ സ്മൃതി ഇറാനി രംഗത്തെത്തിയിരുന്നു.