അമരാവതി: കേന്ദ്ര ഏജന്‍സികളെ നരേന്ദ്ര മോഡി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് തെലുഗു ദേശം പാര്‍ട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു പറഞ്ഞു. ഐടി വകുപ്പ് ഡിടിപി നേതാവും നായിഡുവിന്റെ അടുത്ത അനുയായിയുമായ സിഎം രമേശിന്റെ വസതിയില്‍ റെയ്ഡ് നടത്തിയതില്‍ പ്രതികരിക്കുകയായിരുന്നു ചന്ദ്രബാബു നായിഡു.
‘നാളെ അവര്‍ എന്നേയും അറസ്റ്റു ചെയ്തേക്കാം. അവര്‍ ചെയ്യട്ടെ. ഞാന്‍ ജയിലിലേക്ക് പോകും, എന്നാല്‍ എന്നെ ഭയപ്പെടുത്താന്‍ കഴിയില്ല’ ചന്ദ്രബാബു നായിഡു വിശാഖപട്ടണത്ത് വെച്ച് നടന്ന റാലിയില്‍ പറഞ്ഞു.
തന്റെ സംസ്ഥാനത്തിന് നേരിടേണ്ടി വരുന്ന അനീതികള്‍ക്കെതിരെ വാദിക്കുന്നതിനാല്‍ മോഡി സര്‍ക്കാര്‍ തന്നെ അക്രമിക്കുകയാണെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു. സിബിഐ, ആര്‍ബിഐ, ആദായ നികുതി വകുപ്പ്, തെരഞ്ഞെടുപ്പ് കമ്മീഷന് എന്നീ സ്ഥാപങ്ങളെ പ്രതിപക്ഷത്തിനെതിരായി ഉപയോഗിക്കുകയാണ് മോഡി എന്നും നായിഡു കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം ചന്ദ്രബാബു നായിഡുവിനെ ബാഹുബലി സിനിമയിലെ വില്ലനായ ബല്ലാല ദേവനോടുപമിച്ച് മോഡി പരിഹസിച്ചിരുന്നു. നരേന്ദ്രമോഡി ഹൃദയം കൊണ്ട് തീവ്രവാദിയാണെന്നും അദ്ദേഹം ഒരിക്കലും ഒരു നല്ല മനുഷ്യനല്ലെന്നും ചന്ദ്രബാബു നായിഡു തിരിച്ചടിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ചന്ദ്രശേഖര റാവുവിന്റെ പുതിയ വിമര്‍ശനം. രണ്ടു വട്ടം രാജ്യസഭാ എംപിയായിരുന്നു രമേശിന്റെ വീട്ടില്‍ പൊലീസും, ആദായ നികുതി വകുപ്പും ചേര്‍ന്ന് പരിശോധന നടത്തിയത് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു.