ഹൈദരാബാദ്: രാജ്യത്തിന്റെ പ്രധാന പ്രശ്നം ഭീകരവാദമല്ലെന്നും തൊഴിലില്ലായ്മയാണെന്നുമുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.
രാഹുലിന് ഭീകരവാദം പ്രശ്നമല്ലെങ്കില്‍ അദ്ദേഹത്തിന് ലഭിക്കുന്ന എസ്പിജി സുരക്ഷ വേണ്ടെന്ന് വയ്ക്കണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു.
‘ രാജ്യത്തിന്റെ പ്രധാന പ്രശ്നം ഭീകരവാദമല്ലെന്നും, തൊഴിലില്ലായ്മയാണെന്നുമാണ്
രാഹുല്‍ ഗാന്ധി പറയുന്നത്. അങ്ങനെയെങ്കില്‍ രാഹുല്‍ ഗാന്ധിയോട് ഒരു കാര്യമാണ് പറയാനുള്ളത്. രാജ്യത്തിന്റെ പ്രധാന പ്രശ്നം തീവ്രവാദം അല്ലെങ്കില്‍ ഈ രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് രാഹുല്‍
എസ്പിജിക്കാരുടെ സുരക്ഷയ്ക്കുള്ളില്‍ നടക്കുന്നതെന്ന് സുഷമ സ്വരാജ് ചോദിക്കുന്നു. രാജീവ് ഗാന്ധി വധത്തിന് ശേഷം താങ്കളും താങ്കളുടെ കുടുംബവും എസ്പിജിയുടെ സുരക്ഷയിലാണ്. തീവ്രവാദം വലിയ വിഷയമല്ല എന്ന് താങ്കള്‍ക്ക് തോന്നുണ്ടെങ്കില്‍, നിങ്ങള്‍ ആരേയും ഭയക്കുന്നില്ലെങ്കില്‍ എസ്പിജി സുരക്ഷ ആവശ്യമില്ല എന്ന് എനിക്ക് എഴുതി നല്‍കണം”- സുഷമ സ്വരാജ് പറഞ്ഞു.
ഹൈദരാബാദിലെ ഒരു തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവേയായിരുന്നു സുഷമയുടെ വിമര്‍ശനം. പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ബാലകോട്ടില്‍ വ്യോമസേന ആക്രമണം നടത്തിയെന്ന കാര്യം പ്രതിപക്ഷം വിശ്വസിക്കുന്നില്ലെന്നും അവര്‍ക്ക് പ്രധാനമന്ത്രിയെ വിശ്വാസമില്ലെന്നും സുഷമ കുറ്റപ്പെടുത്തി.