ന്യൂഡല്‍ഹി: ഇനി ട്രെയിനിനു നേരെ കല്ലെറിയന് ആരും നോക്കേണ്ട. ട്രെയിനിന് നേരെ കല്ലെറിയുന്നവരെ പിടികൂടാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വെ. ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ വന്ദേ ഭാരത് എക്സ്പ്രസിലാണ് കല്ലെറിയുന്നവരെ പിടികൂടാനായി എക്സ്റ്റീരിയര്‍ ക്യാമറകള്‍ ഘടിപ്പിച്ചത്.
ട്രെയിന്‍ 18 എന്നറിയപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിയുന്നത് പതിവാകുന്നതോടെയാണ് പുതിയ തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വെ രംഗത്തെത്തിയിരിക്കുന്നത്.
ഫെബ്രുവരിയിലാണ് ഈ ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചത്. അന്ന് മുതല്‍ ട്രെയിനിനു നേരെ നിരവധി കല്ലേരു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 12 ജനല്‍ ചില്ലുകള്‍ ഇതുവരെ തകര്‍ത്തു. കല്ലേറ് തുടരുന്ന സാഹചര്യത്തിലാണ് ട്രെയിനിന് പുറത്ത് ക്യാമറ ഘടിപ്പിക്കാന്‍ റെയില്‍വെ അധികൃതര്‍ തീരുമാനിച്ചത്.
ട്രെയിനിന്റെ മുന്നിലും പിന്നിലുമായി നാല് എക്സ്റ്റീരിയര്‍ ക്യാമറകളാണ് ഘടിപ്പിച്ചത്. ഫെബ്രുവരി 15-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി വന്ദേ ഭാരത് എക്സ്പ്രസ് രാജ്യത്തിന് സമര്‍പ്പിച്ചത്.