ഡല്‍ഹി: ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സിലെ മുസ്ലീം വിദ്യാര്‍ത്ഥിയെ താലിബാനെന്ന് വിളിച്ച ജഗ്ഗി വാസുദേവിന്റെ പരാമര്‍ശം വിവാദമായി. ഇതിനു പിന്നാലെ മാപ്പപേക്ഷയുമായി എത്തിയ ജഗ്ഗിയുടെ മാപ്പ് സ്വീകരിക്കില്ലെന്ന് ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സ് വിദ്യാര്‍ത്ഥി യൂണിയന് പറഞ്ഞു. ഇസ്ലാമോഫോബിയ ആയാണ് ജഗ്ഗിയുടെ പരാമര്‍ശം തങ്ങള്‍ കാണുന്നതെന്നും വിദ്യാര്‍ത്ഥി യൂണിയന് വ്യക്തമാക്കി.
തന്റെ ‘യൂത്ത് ആന്റ് ട്രൂത്ത്’ പരിപാടിയുമായി സര്വ്വകലാശാലയിലെത്തിയതായിരുന്നു ജഗ്ഗി വാസുദേവ്. ഇതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നതിനിടെയാണ് പാകിസ്താന് വംശജനായ ബിലാല്‍ ബിന്‍ സാഖിബ് എന്ന വിദ്യാര്‍ത്ഥിയെ ജഗ്ഗി താലിബാന് എന്ന് വിളിച്ചത്. ‘ഒരു പക്കാ താലിബാനിയെയാണ് നമുക്കിവിടെ കിട്ടിയിരിക്കുന്നത്’ എന്നായിരുന്നു ജഗ്ഗിയുടെ പരാമര്‍ശം.
ഇതേ തുടര്‍ന്ന് ജഗ്ഗി മാപ്പ് പറയണമെന്ന് വിദ്യാര്‍ത്ഥി യൂണിയന് ആവശ്യപ്പെട്ടു. എന്നാല്‍ ജഗ്ഗിയുടെ പ്രതികരണം വിചിത്രമായിരുന്നു. താന്‍ വ്യക്തിപരമായി നടത്തിയ സംഭാഷണം എഡിറ്റ് ചെയ്യപ്പെട്ടത് ദൗര്‍ഭാഗ്യകരമാണെന്നും താന്‍ ഉദ്ദേശിച്ചത് താലിബാന് എന്ന വാക്കിന്റെ അറബിക് അര്‍ത്ഥമാണെന്നുമായിരുന്നു ജഗ്ഗി പറഞ്ഞത്.
എന്നാല്‍ വീഡിയോ ‘വികൃതമായി എഡിറ്റ് ചെയ്തെന്ന്’ വിശ്വസിക്കുന്നില്ലെന്നും അത്യുത്സാഹം എന്ന അര്‍ത്ഥത്തില്‍ ‘താലിബാന്’ എന്ന വാക്ക് ഇന്ത്യയില്‍ സാധാരാണയായി പ്രയോഗിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും വിദ്യാര്‍ത്ഥി യൂണിയന് പറഞ്ഞു.