ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നെഹ്റുവും ഇന്ദിരാ ഗാന്ധിയും എന്തു ചെയ്തു എന്ന് അന്വേഷിക്കാതെ അഞ്ചു കൊല്ലം താന്‍ എന്തു ചെയ്തുവെന്ന് മോഡി പറയട്ടെയെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പ്രിയങ്ക റോഡ് ഷോ നടത്തി. കേന്ദ്രമന്ത്രി വികെ സിങ് വീണ്ടും ജനവിധി തേടുന്ന ഗാസിയാബാദിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡോളി ശര്‍മയ്ക്കായി പ്രിയങ്ക റോഡ് ഷോ നയിച്ചത്. വാഹനത്തില്‍ ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്തും ഫോണ്‍ വാങ്ങി സെല്‍ഫി എടുത്തു നല്‍കിയും പ്രിയങ്ക റോഡ് ഷോ ജനകീയമാക്കി.
ഇടയ്ക്ക് ആള്‍ക്കൂട്ടത്തിലേക്ക് ഇറങ്ങി അഭിവാദ്യം സ്വീകരിച്ചു. റോഡ് ഷോ അവസാനിക്കുന്നതിന് മുമ്പ് മൈക്ക് കൈയ്യിലെടുത്ത് പ്രിയങ്ക മോഡിക്കെതിരെ വീണ്ടും ആഞ്ഞടിച്ചു. തന്നെ വിജയിപ്പിച്ച വാരാണസിയിലെ ജനങ്ങളെ മറന്നു ലോകം ചുറ്റുകയാണ് മോഡി എന്നായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.