ബംഗളൂരു: ഭര്‍ത്താവിന്റെ മരണശേഷം ഭര്‍തൃവീട്ടില്‍ താമസം തുടര്‍ന്ന യുവതിക്ക് ഭര്‍തൃവീട്ടുകാരുടെ ക്രൂരപീഡനം. രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ നടുറോഡില്‍ വിവസ്ത്രയാക്കി ഭര്‍തൃസഹോദരനും കുടുംബവും ചേര്‍ന്ന് ചെരുപ്പിന് അടിച്ചു. ബംഗളൂരുവിലെ കമ്മനഹള്ളിയില്‍ ബുധനാഴ്ചയായിരുന്നു സംഭവം.
അനാശാസ്യം നടത്തിയെന്ന് ആരോപിച്ച് ഭര്‍തൃസഹോദരി യുവതിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇതോടെ വീട് വിട്ടുപോകാന്‍ ആവശ്യപ്പെട്ട് യുവതിക്ക് നേരെ കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് ഭര്‍തൃസഹോദരിയുടെ ഭര്‍ത്താവ് യുവതിയെ ചെരുപ്പിന് അടിക്കുകയും നടുറോഡില്‍ വച്ച് വിവസ്ത്രയാക്കുകയും ചെയ്തു. മര്‍ദ്ദനത്തിന് ശേഷം അവശയായ സ്ത്രീയുടെ മുഖത്ത് കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച യുവതിയുടെ മകളെയും ഇവര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചു. മര്‍ദ്ദനത്തിന് ശേഷം അവശയായ യുവതി ബനസ്വാഡി പോലീസ് സ്റ്റേഷനില്‍ എത്തി ഭര്‍തൃസഹോദരനും കുടുംബത്തിനുമെതിരെ പരാതി നല്‍കുകയായിരുന്നു.