ചെന്നൈ: ആളുകള്‍ അറിയാതെ ചിത്രീകരിക്കുന്ന പ്രാങ്ക് വീഡിയോകള്‍ക്ക് മദ്രാസ് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. സ്വകാര്യത ലംഘിക്കുന്നതിനാലാണ് ഇവയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം പ്രാങ്ക് വീഡിയോകള്‍ ചിത്രീകരിക്കുന്നതിനും അത് സംേപ്രഷണം ചെയ്യുന്നതിനുമാണ് വിലക്ക്. മധുര സ്വദേശിയായ അഡ്വ. മുത്തുകുമാര്‍ സൈബര്‍കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നതിനാല്‍ ടിക്ടോക് ആപ്ലിക്കേഷന്‍ വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി നല്‍കിയിരുന്നു. ഈ കേസ് പരിഗണിച്ചപ്പോഴാണ് കോടതി പ്രാങ്ക് വീഡിയോയുടെ വിഷയത്തിലും ഇത്തരമൊരു തീരുമാനം എടുത്തത്.
അഡ്വ. മുത്തുകുമാറിന്റെ ഹര്‍ജിയില്‍ ഹാസ്യപരിപാടികള്‍ക്കായി ചിത്രീകരിക്കുന്ന കുസൃതിത്തരങ്ങളായ പ്രാങ്ക് വീഡിയോകള്‍ സ്വകാര്യതയുടെ ലംഘനമാണെന്നും ആരോപിച്ചിരുന്നു. ഇങ്ങനെ വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയുള്ള ചിത്രീകരണം ആത്മഹത്യക്ക് പോലും കാരണമായെന്നും ഹര്‍ജിയില്‍ പറയുന്നു. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ കൃപാകരന്‍, എസ്എസ് സുന്ദര്‍ എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ആരാഞ്ഞു.
ടിക് ടോക്കിന് നിരോധനം കൊണ്ടുവരുന്ന കാര്യം പരിഗണിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സാമൂഹിക താത്പര്യം മുന്‍നിര്‍ത്തി ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും എല്ലാകാര്യങ്ങളിലും കോടതിയിടപെട്ട് വിലക്കേര്‍പ്പെടുത്തുമെന്ന് കരുതരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.