ന്യൂഡല്‍ഹി: ബിഎസ്എന്‍എല്ലും, എംടിഎന്‍എല്ലും പൂട്ടാന്‍ മോഡി ശ്രമിക്കുന്നതായി കോണ്‍ഗ്രസ് ആരോപണം. 54,000 ജീവനക്കാര്‍ക്ക് സ്വമേധയാ വിരമിക്കല്‍ (വിആര്‍എസ്) അനുവദിക്കുന്നതിന് ബിഎസ്എന്‍എല്‍ തീരുമാനിച്ചതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.
രണ്ടേകാല്‍ലക്ഷം തൊഴിലാളികളാണ് രണ്ടു കമ്പനികളിലുമായി ജോലി ചെയ്യുന്നത്.
ബിഎസ്എന്‍എല്ലില്‍ 1,74,312 ജീവനക്കാരും എംടിഎന്‍എല്ലില്‍ 45,000 പേരുമാണുള്ളത്. ബിഎസ്എന്എല്ലില്മാത്രം 54,000 പേര്‍ക്ക് വിആര്‍എസ് നല്കാന് പോകുകയാണ്. ഇവരുടെ ജീവിതമാര്‍ഗം അപകടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് പുറമെ 4ജി അനുവദിക്കേണ്ടെന്നും തീരുമാനമുണ്ട്. വിരമിക്കുന്ന പ്രായം 60-ല്‍നിന്ന് 58 ആക്കാനും ഉദ്ദേശിക്കുന്നു. ഇതുവഴിമാത്രം ജീവനക്കാരുടെ എണ്ണം 33,568 ആയി കുറയും -സുര്‍ജേവാല പറഞ്ഞു.
തന്റെ സുഹൃത്തുക്കള്‍ക്ക് സര്‍ക്കാരിന്റെയും പൊതുമേഖലാ ബാങ്കുകളുടെയും ചെലവില്‍ മോഡി പണം നല്‍കുകയാണെന്നും സുര്‍ജേവാല ആരോപിച്ചു.