ന്യൂഡല്‍ഹി; നരേന്ദ്ര മോഡിയെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട രാജസ്ഥാന് ഗവര്‍ണര്‍ കല്യാണ്‍ സിങിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.കല്യാണ്‍ സിങ് രാജി വെച്ചേക്കുമെന്നാണ് സൂചന.
ഗവര്‍ണറുടെ പ്രസ്താവന തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്ന്. അതിനാല്‍ ഗവര്‍ണര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കല്യാണ്‍ സിങിനെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ രാജ്യത്തിന് ആവശ്യമുണ്ടെന്നും അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെടണം എന്നുമായിരുന്നു കല്ല്യാണ്‍ സിംഗ് പറഞ്ഞത്. സംഭവം വിവാദമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷന് വിഷയത്തില്‍ അന്വേഷണം നടത്തി.കമ്മീഷന്റെ പരിശോധനയില്‍ കല്യാണ്‍ സിങ് പെരുമാറ്റ ചട്ട ലംഘനം നടത്തിയെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഭരണഘടന പദവിയിലിരിക്കുന്ന ഒരാള്‍ നടത്തിയ പ്രസ്താവ ചട്ടലംഘനമാണെന്ന് വ്യക്തമാക്കി കമ്മീഷന് രാഷ്ട്രപതിക്ക് കത്തയച്ചു.
കൂടാതെ കോണ്‍ഗ്രസും കല്ല്യാണ്‍ സിംഗിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. ഭരണഘടന പദവിയിലിരിക്കുന്ന ആളെന്ന നിലയില്‍ കല്യാണ്‍ സിങിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രപതിയെ കാണാന്‍ അനുവാദം ചോദിച്ചിരിക്കുകയാണ്.
അതിനിടെയാണ് രാഷ്ട്രപതി വിഷയത്തില്‍ ഇടപെട്ടത്. ഇതോടെ കല്ല്യാണ്‍ സിംഗ് രാജിവച്ചെക്കുമെന്നാണ് സൂചന.