ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോടികള്‍ വാരി എറിഞ്ഞ് ബിജെപി. ഓണ്‍ലൈന്‍ പ്രചാരണത്തിന് ഏറ്റവും കൂടുതല്‍ പണം ചെലവിട്ടത് ബിജെപിയാണെന്നാണ് ഫേസ്ബുക്കും ഗൂഗിളും പുറത്തുവിട്ട ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഫെയ്സ്ബുക്കില്‍ 7.75 കോടി രൂപയും ഗൂഗിളില്‍ 1.21 കോടി രൂപയുമാണ് ബിജെപി ചെലവാക്കിയത്.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ബിജെപി 7.75 കോടി രൂപ ചെലവിട്ടത്. മൈ ഫസ്റ്റ് വോട്ട് ഫോര്‍ മോഡി എന്ന പ്രചാരണ പരിപാടിയുടെ പേരില്‍ മാത്രം ബിജെപി ഫേസ്ബുക്കിന് നല്‍കിയത് 1.05 കോടി രൂപയാണ്. നേഷന്‍ വിത്ത് നമോ എന്ന പേരില്‍ ചെലവാക്കിയത് 59.15 ലക്ഷം രൂപയുമാണ്.
ഇതിന് പുറമേ മന് കി ബാത് പരിപാടിയുടെ പരസ്യത്തിന് വേണ്ടി 2.23 കോടി രൂപയും ചിലവാക്കി. ബിജെപിയുടെ സ്വന്തം പേരില്‍ ഫെയ്സ്ബുക്കില്‍ ചെലവാക്കിയത് 37.74 ലക്ഷം രൂപയാണ്. ഗൂഗിളിന്റെ ഇന്ത്യന്‍ ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ട് പ്രകാരം 1.21 കോടി ചെലവിട്ട് ബിജെപി 554 പരസ്യങ്ങളാണ് നല്‍കിയത്.
വൈഎസ്ആര്‍ കോണ്‍ഗ്രസും തെലുങ്കുദേശം പാര്‍ട്ടിയുമാണ് കൂടുതല്‍ തുക ചെലവിട്ട മറ്റ് രണ്ട് പാര്‍ട്ടികള്‍.1.04 കോടിയാണ് വൈഎസ് ജഗന്മോഹന് റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് ചെലവിട്ടത്. മൂന്നാം സ്ഥാനത്ത് ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയാണ്. ചെലവിട്ടത് 85.25 ലക്ഷമാണ്. ആന്ധ്രാപ്രദേശില്‍ നിന്നാണ് ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പരസ്യം വന്നത്. 1.73 കോടി രൂപയാണ് ഗൂഗിളിന് ലഭിച്ചത്.
കോണ്‍ഗ്രസ് വളരെ പിന്നിലാണ്. ഫേസ്ബുക്കില്‍ കോണ്‍ഗ്രസ് ഇത് വരെ ചിലവിട്ടത് 5.91 ലക്ഷം രൂപയാണ്. ഗൂഗിളില്‍ 54,100 രൂപയുമാണ് ചിലവിട്ടത്.