കൊല്‍ക്കത്ത; രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ എങ്ങും എവിടെയും പ്രചാരണം കൊഴുക്കുകയാണ്. അതില്‍ തന്നെ പ്രചാരണത്തിന് ഏറ്റവും കൂടുതല്‍ പേര് ഉപയോഗിക്കുന്ന വഴിയാണ് ചുമരെഴുത്തുകള്‍. തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ പേര് ചുമരില്‍ എഴുതാന്‍ മത്സരിക്കുകയാണ് അണികള്‍. പല വിധ ഭാഷകളിലും പ്രാദേശിക ഭാഷകളിലും ചുമരെഴുത്തുകള്‍ എഴുതാന്‍ മത്സരിക്കുകയാണ് അണികള്‍.
അത്തരം ചുമരെഴുത്തുകള്‍ കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുകയാണ് പശ്ചിമ ബംഗാള്‍. ബംഗാളിലെ ചുമരുകള്‍ ചൈനീസ് ചുവരെഴുത്തുകളാല്‍ നിറഞ്ഞിരിക്കുകയാണ്. കൊല്‍ക്കത്തിയിലെ പ്രശസ്തമായ ചൈന ടൗണ്‍ കേന്ദ്രീകരിച്ച് ജീവിക്കുന്ന ചൈനീസ് വംശജരായ വോട്ടര്‍മാരെ ലക്ഷ്യം വച്ചാണ് ചൈനീസ് ചുവരെഴുത്തുകള്‍ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരുക്കിയിരിക്കുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസാണ് ചൈനീസ് ഭാഷയില്‍ ചുമരെഴുത്തുകള്‍ ഒരുക്കിയിരിക്കുന്നത്. ‘തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുക” എന്ന ചുമരെഴുത്തുകളില്‍ മമത ബാനര്‍ജിയുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കിഴക്കന്‍ കൊല്‍ക്കത്തയിലെ ടാംഗ്രയിലാണ് ചൈന ടൗണ്‍. ഇവിടെയാണ് ഒരു ഡസനോളം ഇടങ്ങളില്‍ ചൈനീസ് ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി കൊല്‍ക്കത്തയില്‍ ചൈനീസ് ഭാഷയില്‍ പ്രചാരണം നടത്തുന്നത്. കൊല്‍ക്കത്തയിലെ രണ്ടായിരത്തോളം ചൈനീസ് വോട്ടര്‍മാരെ ലക്ഷ്യം വച്ചാണ് ചൈനീസ് ചുവരെഴുത്തുകള്‍.
കേരളത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്റെ ചുമരെഴുത്തുകളും ജനശ്രദ്ധ നേടിയിരുന്നു. കാസര്‍കോട് പ്രാദേശിക ഭാഷയില്‍ എഴുതിയ ചുമരെഴുത്ത് ശ്രദ്ധാ കേന്ദ്രമായിരുന്നു. കൂടാതെ പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എംബി രാജേഷിന് വേണ്ടി സിപിഎം അറബിയില്‍ ചുവരെഴുത്ത് നടത്തിയതും ശ്രദ്ധേയമായിരുന്നു.