ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ ചിത്രം, വസ്ത്രങ്ങള്‍ പൊതിഞ്ഞ കവറില്‍ അച്ചടിച്ചത് കണ്ടതിനെ തുടര്‍ന്ന് വ്യാപാരികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. തെക്കെ ഡല്‍ഹിയിലെ സരോജിനി നഗര്‍ മാര്‍ക്കറ്റിലെ വ്യാപാരികളാണ് പരാതിയുമായി രംഗത്തെത്തിയത്.
ഓള്‍ഡ് ഡല്‍ഹിയിലെ മൊത്തക്കച്ചവടക്കാരില്‍ നിന്ന് വാങ്ങിയ വസ്ത്രങ്ങളുടെ പൊതിയില്‍ മോഡിയുടെ ചിത്രം, ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം, മുദ്രാവാക്യം എന്നിവ അച്ചടിച്ചത് കണ്ടത്തിയിരുന്നു.
മോഡിയുടെ ചിത്രം കൂടാതെ ചില പൊതിക്കുള്ളില്‍ ‘അച്ഛാ ദിന് ആനെ വാലെ ഹേ’ എന്ന മുദ്രവാക്യം എഴുതിയിട്ടുണ്ടായിരുന്നു. ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് വസ്ത്രങ്ങള്‍ ഡല്‍ഹി മാര്‍ക്കറ്റില്‍ എത്തുന്നത്.
ഉപഭോക്താക്കളില്‍ ചിലര്‍ താന്‍ മോഡിക്ക് വേണ്ടി പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കാന് തീരുമാനിച്ചതെന്ന് വ്യാപാരികളില്‍ ഒരാള്‍ പറഞ്ഞു.